
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിയാണെന്നും വിമാനം വാടകയ്ക്ക് എടുക്കാനുള്ള മമതയുടെ നീക്കം പണം ധൂര്‍ത്തടിക്കാന്‍ വേണ്ടിയാണെന്നും ആക്ഷേപിച്ച് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി. മമതയുടെ വലംകയ്യായിരിക്കെ ടിഎംസി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സുവേന്ദു അധികാരി മമതയുടെ വിമാനം വാടകയ്ക്ക് എടുക്കാനുള്ള പുതിയ തീരുമാനത്തിന് എതിരേ രൂക്ഷ വിമര്‍ശനവുമായാണ് എത്തിയിരിക്കുന്നത്.
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കാനാണ് വിമാനം വാടകയ്ക്ക് എടുക്കുന്നതെന്നു വിമര്‍ശിച്ച സുവേന്ദു അധികാരി സ്വയം പ്രഖ്യാപിത പ്രധാനമന്ത്രിയുടെ പുഷ്പക വിമാനം എന്നാണ് പരിസഹിച്ചത്. രണ്ട് എഞ്ചിനുള്ള പത്ത് സീറ്റ് ഫാല്‍ക്കണ്‍ 2000 വിമാനം വാടകയ്ക്ക് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത് പശ്ചിമബംഗാള്‍ ഗതാഗത വകുപ്പാണ്. അഞ്ചു വര്‍ഷത്തേക്ക് വാടകയ്ക്ക് എടുക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാല്‍ നിലവില്‍ സര്‍ക്കാരിന് ഒരു വിമാനം ഉണ്ടെന്നിരിക്കെ മറ്റൊരു വിമാനം കൂടി വാടകയ്ക്ക് എടുക്കുന്നതിനെ സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കാനുള്ള നീക്കം എന്നാണ് ബിജെപി ആരോപിച്ചിരിക്കുന്നത്. ഇനി ഒരു വിമാനം കൂടി എന്തിനാണെന്നും അവര്‍ ചോദിക്കുന്നു.
എന്നാല്‍ സുവേന്ദു അധികാരി ഗതാഗതമന്ത്രി ആയിരുന്നപ്പോഴാണ് വിമാനം വാടകയ്ക്ക് എടുക്കാനുള്ള നീക്കം തുടങ്ങിയതെന്നും മന്ത്രിയായിരുന്നപ്പോള്‍ സുവേന്ദു അധികാരിയും ഹെലികോപ്റ്റര്‍ ഉപയോഗിച്ചിരുന്നല്ലോ എന്നാണ് തൃണമൂല്‍ തിരിച്ചടിക്കുന്നത്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുവേന്ദുവിന്റെ നേതാവ് നരേന്ദ്രമോഡി ഹെലികോപ്റ്ററില്‍ പറന്ന് നടന്ന് പ്രചരണം നടത്തിയിരുന്നത് മറക്കരുതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും ഒന്നിലധികം വിമാനങ്ങള്‍ ഉണ്ടെന്നും പറയുന്നു.






