
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ സമ്മേളനത്തിലെ ആദ്യ യോഗത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി മമതാബാനര്‍ജി. ബിജെപി ക്യാമ്പിന് മര്യാദയും മാന്യതയുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണെന്നും നിയമസഭയില്‍ ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തില്‍ പോലും അവര്‍ ബഹളം വെച്ചത് തന്നെ ഇതിന് ഉദാഹരണമാണെന്നും മമത ആരോപിച്ചു.
ജൂലൈ 2 ന് മേശപ്പുറത്ത് എത്തിയ 18 പേജുകള്‍ നീണ്ട പ്രസംഗത്തിന്റെ ആദ്യ രണ്ടു പേജുകള്‍ വായിച്ചപ്പോള്‍ തന്നെ ബിജെപി എംഎല്‍എ മാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ ശക്തമായി പ്രതിഷേധിച്ചു. ബിജെപിയുടെ കേന്ദ്ര നേതാക്കള്‍ തെരഞ്ഞെടുത്തുവിട്ട ഗവര്‍ണറെ സഭയെ അഭിസംബോധന ചെയ്യാന്‍ ബിജെപി എംഎല്‍എ മാര്‍ അനുവദിക്കണമായിരുന്നു എന്നും പറഞ്ഞു.
ഗവര്‍ണറുടെ ഉദ്ഘാടന പ്രസംഗത്തിന് നന്ദി അര്‍പ്പിച്ച ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു മമതാ ബാനര്‍ജി ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചത്. താന്‍ രാജ്നാഥ് സിംഗിനെയും സുഷമാ സ്വാരാജിനെയും പോലെയുള്ള വിവിധ നേതാക്കളെ താന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് വേറൊരു ബിജെപി ആണെന്നും ഇവര്‍ക്ക് സംസ്ക്കാരം, മര്യാദ, മാന്യത, സഭ്യത ഇതൊന്നും അറിയില്ലെന്നും പറഞ്ഞു.






