
ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും ശക്തിയേറിയ അധികാരകേന്ദ്രത്തിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ലോകം മുഴുവന്‍ കാതോര്‍ത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനേക്കാള്‍ ഡെമോക്രാറ്റുകളുടെ ഹിലരി ക്ളിന്റണ് നേരിയ മുന്‍തൂക്കം കിട്ടിയിട്ടുണ്ട്. മിക്കയിടങ്ങളിലൂം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. വോട്ടെടുപ്പ് അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ 68-48 എന്ന നിലയിലാണ് കാര്യങ്ങള്‍.
ഏറ്റവും പുതിയ വിവരങ്ങളില്‍ ആറിടങ്ങളില്‍ ട്രംപും എട്ടിടങ്ങളില്‍ ഹിലരിയും ജയിച്ചു. ഇന്ത്യാന, കെന്റുകി, വെസ്റ്റ് വിര്‍ജീനിയ, ഒക്ലോമ, ടെന്നീസി, മിസിസിപ്പി എന്നിവിടങ്ങള്‍ ട്രംപിനൊപ്പം നിന്നപ്പോള്‍ ന്യൂജഴ്സി, ഇല്ലിനോയ്സി, മെരിലാന്റ്, മസ്സാച്യുവറ്റസ്, ഡെലവേര്‍, റോഡ് ഐലന്റ്, കൊളംബിയ, വെര്‍മോണ്ട് എന്നിവിടങ്ങളില്‍ ഹിലരി ക്ളിന്റണ് ജയിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫ്ളോറിഡയിലും ഒഹായോവിലും രണ്ടുപേരും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്.
ആകെ 50 സംസ്ഥാനങ്ങളില്‍ 528 ഇലക്ട്രല്‍ വോട്ടുകളാണ് വിധി നിര്‍ണ്ണയിക്കുന്നത്. 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്നയാളാണ് വിജയിക്കുക. ട്രംപിന് അനുകൂലമായി കാര്യങ്ങള്‍ മാറുന്നത് കണ്ടുകൊണ്ടായിരുന്നു വോട്ടെടുപ്പിന്റെ ആദ്യ ഘട്ടം പുറത്തുവന്നത്. മൂന്നിടത്ത് ട്രംപ് നേടിയപ്പോള്‍ ഹിലരി ഒരിടത്ത് മാത്രമായിരുന്നു ജയിച്ചത്. ഇത് ട്രംപിന് മൂന്നിനെതിരേ 24 ഇലക്ട്രല്‍ വോട്ടുകള്‍ നേടാനായിരുന്നു. എന്നാല്‍ ഫലം അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ഹിലരി ഇലക്ട്രല്‍ വോട്ട് 68-48 എന്നാക്കി വ്യക്തമായ മേല്‍ക്കൈ നേടി. പക്ഷേ വിധി നിര്‍ണ്ണയിക്കും എന്ന് കരുതപ്പെടുന്ന 29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്ളോറിഡയിലും ഒഹിയോയിലും ലീഡുകള്‍ മാറിമറിയുകയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6 മണിയോടെ ട്രംപിന് കിട്ടിയത് 3,037,411 വോട്ടുകളും ക്ളിന്റണ് 2,542,425 വോട്ടുകളും ആയിരുന്നു.






