
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുന: സംഘടനയില്‍ 42 ശതമാനം പേരും ക്രിമിനല്‍ കേസ് പ്രതികളെന്നും 90 ശതമാനം പേരും കോടീശ്വരന്മാര് ആണെന്നും പഠനറിപ്പോര്‍ട്ട്. നാഷണൽ ഇലക്ഷൻ വാച്ചും, അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയ മന്ത്രിസഭാംഗങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ ഒരു മന്ത്രി കൊലപാതകക്കേസിലും പ്രതി.
കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളുടെ ക്രിമിനൽ, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠന റിപ്പോർട്ടില്‍ 78ൽ 33 കേന്ദ്രമന്തിമാർ ക്രിമിനൽ കേസ് പ്രതികളാണ്. അഞ്ച് വർഷത്തിന് മുകളിൽ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങൾ ചുമത്തിയ 24 പേർ മന്ത്രിസഭയിലുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. കൊലപാതകശ്രമത്തിൽ പ്രതികളായ നാല് മന്ത്രിമാരുണ്ട്.
മന്ത്രിസഭയിലെ 90 ശതമാനം പേരും കോടീശ്വരന്മാരാണ്. 50 കോടിക്ക് മുകളിൽ വിലമതിക്കുന്ന സ്വത്തുക്കൾ നാല് പേർക്കുള്ളപ്പോൾ, ഒരു കോടിക്ക് താഴെ സ്വത്തുള്ള എട്ട് മന്ത്രിമാരുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രണ്ടര കോടിയുടെ സ്വത്താണുള്ളത്. 379 കോടിയുടെ സ്വത്തുള്ള ജ്യോതിരാദിത്യ സിന്ധ്യയാണ് ഒന്നാം സ്ഥാനത്ത്. മലയാളിയായ രാജീവ് ചന്ദ്രശേഖറിനുള്ളത് 64 കോടി 60 ലക്ഷം രൂപയുടെ സ്വത്ത്. കേരളത്തിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി വി. മുരളീധരന്റേത് 27 ലക്ഷം രൂപയുടെ സ്വത്താണുള്ളത്.
മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണെന്നും 10 കോടിക്ക് മുകളിൽ ബാധ്യതയുള്ള മൂന്ന് കേന്ദ്രമന്ത്രിമാരുമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിസഭയിലെ വനിതാപ്രാതിനിധ്യം 14 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മന്ത്രിമാർ ലോക്സഭയിലും, രാജ്യസഭയിലും, തെരഞ്ഞെടുപ്പുകളിലും സ്വയം വെളിപ്പെടുത്തിയ വിവരങ്ങളാണ് പഠനവിധേയമാക്കിയത്.





