
വെംബ്ളി: യൂറോപ്പിലെ തറവാട്ടുകാര് ഏറ്റുമുട്ടിയ യൂറോ 2020 ഫുട്ബോളില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഇംഗ്ളണ്ടിനെ പരാജയപ്പെടുത്തി ഇറ്റലിയ്ക്ക് കിരീടം. സാധാരണ സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ച് സമനില വഴങ്ങിയതിനെ തുടര്‍ന്ന് വന്ന പെനാല്‍റ്റിയില്‍ മൂന്ന് ഇംഗ്ളീഷ് താരങ്ങളുടെ കിക്കുകള്‍ പാഴായിപ്പോയപ്പോള്‍ രണ്ടു കിക്കുകള്‍ രക്ഷപ്പെടുത്തി ഇറ്റാലിയന്‍ ഗോളി ഡൊന്നൊരുമ കളിയിലെ മിന്നും താരമായി. വെംബ്ളിയിലെ സ്വന്തം തറവാട്ടു മുറ്റത്ത് ഇംഗ്ളണ്ടിന് വീണ്ടും കാലിടറി.
സാധാരണസമയത്ത് ആദ്യപകുതിയില്‍ ഇംഗ്ളണ്ട് നേടിയ ഗോളിന് രണ്ടാം പകുതിയില്‍ ഇറ്റലി മറുപടി പറഞ്ഞു. രണ്ടാം മിനിറ്റില്‍ ഇറ്റലിയുടെ കോര്‍ണര്‍ കണ്ടുകൊണ്ടായിരുന്നു കളി തുടങ്ങിയത്. ട്രിപ്പിയറിന്റെ മൈനസ് പുറത്തുപോയതിനെ തുടര്‍ന്നു കിട്ടിയ കോര്‍ണര്‍ ഇംഗ്ളീഷ് താരങ്ങള്‍ ഫലപ്രദമായി ചെറുത്തു. പക്ഷേ ഇതിന്റെ കൗണ്ടര്‍ അറ്റാക്കില്‍ തന്നെ ഇംഗ്ളണ്ട് ഗോള്‍ നേടി. രണ്ടാം മിനിറ്റില്‍ ഇംഗ്ളീഷ് നായകന് ഹാരി കെയ്ന്‍ നീട്ടി നല്കിയ പന്ത് ട്രിപ്പിയര്‍ ബോക്സിലേക്ക് മറിച്ചു നല്കി. ഇടതു വശത്തുകൂടി ഓടിയെത്തിയ ലൂക്ക് ഷോ പവര്ഷോട്ടിലൂടെ ഇറ്റാലിയന്‍ വല കുലുക്കി. ലൂക്ക് ഷോയ്ക്ക് സ്വപ്ന തുടക്കം. ആദ്യ അന്താരാഷ്ട്ര ഗോള്‍ തന്നെ യൂറോ ഫൈനലില്‍ ആയത് അദ്ദേഹത്തിന് നേട്ടമായി. ഒരു ഗോളിന് പിന്നിലായ ഇറ്റലി ശക്തമായ ആക്രമണം അഴിച്ചുവിട്ടു.
ഇംഗ്ളണ്ടിന് ഒരു ഗോളില്‍ തൂങ്ങി ജയിക്കാനായിരുന്നു പരിപാടി. എന്നാല്‍ അപകടം മണത്ത ഇറ്റലി രണ്ടാം പകുതിയില്‍ തിരിച്ചടിച്ചു. കളിയുടെ 55 ാം മിനിറ്റില്‍ പരിശീലകന് മാന്‍സീനി ക്രിസ്റ്റാന്റേയേയും ബെറാര്ഡിയേയും കളത്തിലേക്ക് വിട്ടത് കളിയില്‍ നിര്‍ണ്ണായകമായ മാറ്റമായി മാറി. ഇന്സേനും ബറാര്ഡിയും ചിയേസയും തുടരെത്തുടരെ ആക്രമണങ്ങളുമായി ഇംഗ്ളീഷ് ബോക്സില്‍ എത്തിയതിന് പ്രയോജനം കിട്ടിയത് 67 ാം മിനിറ്റില്‍ ഗോള്‍. ഇതോടെ ഇംഗ്ളീഷ് പ്രതിരോധം പല തവണ കീറിമുറിച്ച് 67 ാം മിനിറ്റില്‍ ഇതിന്റെ ഗുണവും കിട്ടി. ഇറ്റാലിയന്‍ താരം ബണൂച്ചിയുടെ സമനിലഗോള്‍.
ഇംഗ്ളീഷ് ഗോള്‍മുഖത്ത് പ്രതിരോധക്കാര്‍ പന്തടിച്ച് അകറ്റാന്‍ വൈകിയതിനെ തുടര്‍ന്ന് പ്രതിരോധത്തില്‍ തട്ടിത്തെറിച്ചു വന്ന പന്തില്‍ വെറാറ്റിയുടെ ഹെഡ്ഡര്‍. ഇംഗ്ളീഷ് പ്രതിരോധത്തെയും കീപ്പറിനെയും മറികടന്ന പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. തൊട്ടുമുന്നില്‍ ഉണ്ടായിരുന്ന ബൊണൂച്ചി അവസരം മുതലെടുത്ത് പന്ത് വലയിലേക്ക് അടിച്ചു കയറ്റി. ഇറ്റലി മത്സരത്തില്‍ ഒപ്പമെത്തി. ഇംഗ്ളീഷ് ആരാധകര്‍ തലയില്‍ കൈവെച്ചു. ഈ യൂറോയില്‍ ഇംഗ്ളണ്ട് രണ്ടാം പകുതിയില്‍ വഴങ്ങുന്ന ആദ്യഗോളും ടൂര്‍ണമെന്റിലെ തന്നെ രണ്ടാം ഗോളും ആയിരുന്നു.
സമനില ഗോള്‍ കൈവന്നതോടെ ഇറ്റാലിയന്‍ ആക്രമണത്തിന് മൂര്‍ച്ചകൂടി. 72 ാം മിനിറ്റില്‍ വെറാറ്റിയുടെ ഒരു ഉജ്വല നീക്കത്തില്‍ ഇംഗ്ളണ്ട് കഷ്ടിച്ചു രക്ഷപ്പെട്ടു. ബോക്സില്‍ വീണുകിടന്നുള്ള വെറാറ്റിയുടെ ഷോട്ട് മുകളിലൂടെ പറപറന്നു. പിന്നീട് ഇരു ടീമുകളുടെയും ആക്രമണം എങ്ങുമെത്താതെ പോയി.
അധികസമയത്ത് ഇംഗ്ളീഷ് ഗോളി പിക്ഫോര്‍ഡിന്റെ മികവില്‍ ഗോളെന്ന് ഉറപ്പിച്ച 102 ാം മിനിറ്റിലെ ഒരു ഇറ്റാലിയന്‍ നീക്കവും തടസ്സപ്പെട്ടതാണ് ഇറ്റലി അധിക സമയത്തിന്റെ ഒന്നാം പകുതിയിലെ മികച്ച ശ്രമം. മറുവശത്ത് ഇംഗ്ളണ്ടിന്റെ റഹീം സ്റ്റെര്‍ലിംഗിന്റെ നീക്കവും വിജയിക്കാതെ പോയി. രണ്ടാം പകുതിയില്‍ ആദ്യശ്രമം നടത്തിയത് ഇംഗ്ളണ്ടായിരുന്നു. ഇറ്റാലിയന്‍ കീപ്പര്‍ ഡൊന്നൊരുമയുടെ കൃത്യമായ ഇടപെടല്‍ സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ വലിയില്‍ എത്താതെ പോയി. 110 ാം മിനിറ്റില്‍ റെഹീം സ്റ്റെര്‍ലിംഗിനെ ഗോളി ഡൊന്നൊരുമയ്ക്ക് മുന്നില്‍ വെച്ച് ചില്ലേനി തടഞ്ഞും അപകടം ഒഴിവാക്കി വിട്ടു.
ഷൂട്ടൗട്ടില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ലക്ഷ്യമിട്ട് ഇംഗ്ളണ്ട് പകരക്കാരായി ഇറക്കിയ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ജേഡന്‍ സാഞ്ചോ, സാക്ക എന്നിവരുടെ കിക്കുകള്‍ ഡൊന്നൊരുമയ്ക്ക് മുന്നില്‍ നിഷ്ഫലമായി. ബലോറ്റിയുടേയും ജോര്ജീഞ്ഞ്യോയുടേയും കിക്കുകള്‍ ഇംഗ്ളീഷ് ഗോളി പിക്ഫോര്‍ഡ് തട്ടിയെങ്കിലും ഇന്സേനും ബൊണൂച്ചിയും ബെര്ണാഡോസ്കിയും ഇറ്റലിക്കായി ഷൂട്ടൗട്ടില്‍ സ്കോര്‍ ചെയ്തപ്പോള്‍ ഇംഗ്ളണ്ടിനായി മഗ്വേയറും നായകന് ഹാരി കെയ്നും ഗോളടിച്ചു. ഇറ്റലിയെ കിരീടത്തിലേക്ക് നയിക്കാന്‍ രണ്ടു പെനാല്‍റ്റി ഷൂട്ടൗട്ടുകള്‍ വിജയിപ്പിച്ച ഇറ്റലിയുടെ യുവ ഗോളി ഡൊന്നൊരുമയായിരുന്നു ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്.
ഷൂട്ടൗട്ടില്‍ ആദ്യം കിക്കെടുത്തത് ഇറ്റലിയ്ക്ക് വേണ്ടി ഇന്സേനായിരുന്നു. പിക്ഫോര്‍ഡിനെ വലത്തേക്ക് ചാടിച്ച് അനായാസം ഇടത്തേക്ക് ഇന്‍സേന്‍ തട്ടിയിട്ടു. ഇംഗ്ളണ്ടിന് ആദ്യ കിക്ക് നായകന് ഹാരി കെയ്നായിരുന്നു എടുത്തത്. കെയ്ന്റെ കിക്ക് വലത്തേക്ക്. പന്ത് പോയിടത്തേക്കാണ് ഡൊന്നൊരുമ ചാടിയതെങ്കിലും പന്ത് വലയില്‍. ഇറ്റലിയ്ക്കായി രണ്ടാം കിക്ക് ബലോറ്റിയുടേത്. കിക്ക് പിക്ഫോഡ് ഇടതുഭാഗത്തേക്ക് വീണു തട്ടി. ഹാരി മഗ്വേയറായിരുന്നു ഇംഗ്ളണ്ടിന്റെ രണ്ടാമത്തെ കിക്കെടുത്തത്. മഗ്വെയര്‍ ഇറ്റാലിയന്‍ ഗോളിയേ വലത്തേക്ക് ചാടിയപ്പോള്‍ മഗ്വേയറുടെ കിറ്റ് ഇടത് ഭാഗത്ത് മുകളിലേക്ക് . മൂന്നാമത്തെ കിക്കെടുത്ത ബൊണൂച്ചിയ്ക്ക് പിഴച്ചില്ല. വലതു മോന്തായത്തിലേക്ക് പന്തടിച്ചു. പകരക്കാരനായി വന്ന മാര്‍ക്കസ് റാഷ്ഫോഡിന്റെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തേക്ക്.
നാലാം കിക്ക് ഫ്രെഡറിക്കോ ബെര്‍ണാഡെസ്കി. നേരെ നടുവിലൂടെ വലയിലേക്ക്. ഇംഗ്ളണ്ടിനായി കിക്കെടുത്ത ജേഡന്‍ സാഞ്ചോയുടെ കിക്കും ഇറ്റാലിയന്‍ ഗോളി ഡൊണാരുമ തട്ടി. ഇതോടെ 3-2 ന് ഇറ്റലി മുന്നില്‍ ഇറ്റലിക്കായി അവസാന കിക്ക് എടുക്കാന്‍ എത്തിയത് ജോര്‍ജീന്യോ. പിക്ഫോര്‍ഡ് കിക്ക് നാടകീയമായി രക്ഷപ്പെടുത്തി. അവസാന കിക്ക് ഇംഗ്ളണ്ടിനായി എടുത്തത് സാക്ക. ഡൊന്നരുമ കിക്ക് തട്ടി. ഇറ്റലിയ്ക്ക് കിരീടം. കോവിഡിന് ശേഷം വലിയ ജനക്കൂട്ടമായിരുന്നു മത്സരം കാണാനെത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി, രാജകുടുംബം ഇംഗ്ളണ്ടിന്റെ മുന്‍ നായകന് ഡേവിഡ് ബെക്കാം ഹോളിവുഡ് നടന് ടോം ക്രൂയിസ് തോല്‍ക്കാതെ 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയായിരുന്നു ഇറ്റലി യുറോയുടെ കലാശപ്പോരാട്ടത്തിന് എത്തിയത്. 27 ജയവും ആറു സമനിലയും ഇതില്‍ പെടുന്നു.






