
കൊച്ചി: പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ പങ്ക് നിര്‍ണായകമെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ വിജിലന്‍സ് സത്യാവാങ്മൂലം. തനിക്കെതിരായ അഴിമതിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സൂരജ് ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് വിജിലന്‍സിന്റെ വിശദീകരണം.
അനുമതിയില്ലാതെ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്നും റദ്ദാക്കണമെന്നുമാണ് സൂരജിന്റെ ആവശ്യം. നടപടികള്‍ പാലിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും കേസ് നിലനില്‍ക്കുമെന്നും വിജിലന്‍സ് വ്യക്തമാക്കി. മുന്‍കൂര്‍ അനുമതി വേണമെന്ന ഭേദഗതി വന്നത് 2018 ലാണെന്നും കേസിനാസ്പദമായ സംഭവം നടന്നത് 2016 ലാണെന്നും മുന്‍കൂര്‍ അനുമതി വേണമെന്ന വാദം നിലനില്‍ക്കില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.
പാലാരിവട്ടം പാലം നിര്‍മിച്ച ആര്.ഡി.എസ്. കമ്പനിക്ക് മൊബിലൈസേഷന്‍ ഫണ്ട് ലഭ്യമാക്കിയതിനു പിന്നാലെ ടി.ഒ. സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 17 സെന്റ് സ്ഥലം വാങ്ങി. സ്ഥലക്കച്ചവടത്തില്‍ കള്ളപ്പണ ഇടപാടും നടന്നിട്ടുണ്ട്. സൂരജിന്റെ മകന്റെ ഭൂമി ഇടപാടുകളും ദുരൂഹമാണെന്നും വിജിലന്‍സ് സത്യവാങ്മൂലത്തില്‍ പറയുന്നു.






