
തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളര്‍ഷിപ് കീറാമുട്ടിയായ യു.ഡി.എഫില്‍ കൂട്ടപ്പൊരിച്ചില്‍. ഇടതുമുന്നണിക്കെതിരേ സ്കോളര്‍ഷിപ് വിഷയം ആയുധമാക്കാന്‍ കാത്തിരുന്ന മുസ്ലിം ലീഗിനു സ്വന്തം മുന്നണിയുടെ പൂര്‍ണപിന്തുണപോലും ലഭിക്കില്ലെന്നുറപ്പായി.
ലീഗിന്റെ പ്രതിഷേധം തള്ളിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശന് പിന്നീട് തിരുത്തിയെങ്കിലും അവരുെട അതൃപ്തി തുടരുന്നു. സ്കോളര്‍ഷിപ് വിഷയത്തില്‍ മറ്റ് ന്യൂനപക്ഷവിഭാഗങ്ങളെയും, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിഭാഗത്തെ, പരിഗണിക്കേണ്ടതിനാല്‍ കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലാണ്. യു.ഡി.എഫിലെ ഭിന്നത മുതലെടുത്ത് ലീഗിനെതിരേ സി.പി.എം. രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷ സ്കോളര്‍ഷിപ് അനുപാതം സംബന്ധിച്ച മന്ത്രിസഭാതീരുമാനം സംസ്ഥാനത്തെ വര്ഗീയധ്രുവീകരണത്തിലേക്കാണു നയിക്കുന്നത്. മലബാറില്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമുദായപിന്തുണ തിരിച്ചുപിടിക്കാന്‍ ഈ വിഷയം ആയുധമാക്കാനായിരുന്നു ലീഗിന്റെ നീക്കം. എന്നാല്‍, യു.ഡി.എഫിനെ നയിക്കുന്ന കോണ്‍ഗ്രസിന്റെ നിലപാട് തിരിച്ചടിയായി.
ലീഗിന്റെ നിലപാട് പാടേ തള്ളിയാണു വി.ഡി. സതീശന് ആദ്യം രംഗത്തുവന്നത്. എന്നാല്‍, ലീഗ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചപ്പോള്‍ സതീശന് അയഞ്ഞു. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടുമില്ല.സ്കോളര്‍ഷിപ് വിഷയത്തില്‍ ലീഗിനെ കണ്ണുംപൂട്ടി പിന്തുണയ്ക്കാനാകാത്ത സ്ഥിതിയിലാണു കോണ്‍ഗ്രസ്. വിഷയത്തില്‍ സമവായമാകുന്നതുവരെ പരസ്യപ്രസ്താവനകള്‍ക്ക് കോണ്‍ഗ്രസ് വിലക്കുണ്ട്.
ലീഗിന്റെ വോട്ട് ബാങ്ക് മുസ്ലിംകളാണെങ്കില് കോണ്‍ഗ്രസിന് എല്ലാ സമുദായങ്ങളുടെയും പിന്തുണയാവശ്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചതു ക്രൈസ്തവമേഖലകളിലെ വോട്ട് ചോര്‍ച്ചയാണ്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) ഇടതുമുന്നണിയില്‍ ചേക്കേറിയ സാഹചര്യത്തില്‍ വര്‍ധിച്ച ജാഗ്രതയോടെയേ കോണ്‍ഗ്രസിനു മുന്നോട്ടുനീങ്ങാനാകൂ. യു.ഡി.എഫ്. ഘടകകക്ഷിയായ പി.ജെ. ജോസഫിന്റെ കേരളാ കോണ്‍ഗ്രസിനു സ്േകാളര്‍ഷിപ് വിഷയത്തില്‍ സര്‍ക്കാരിനോടു പൂര്‍ണയോജിപ്പാണ്.
തദ്ദേശതെരഞ്ഞെടുപ്പിനു മുമ്പ് മുന്നോക്കകാരിലെ പിന്നാക്കകാര്ക്കു സാമ്പത്തികസംവരണമേര്‍പ്പെടുത്തിയ അതേ തന്ത്രമാണ് ഇക്കുറിയും സി.പി.എം. പയറ്റിയത്. അന്ന് സാമ്പത്തികസംവരണത്തിനെതിരേ ലീഗ് പരസ്യനിലപാടെടുത്തതു യു.ഡി.എഫിനു തിരിച്ചടിയായിരുന്നു.
ഭൂരിപക്ഷസമുദായത്തില്നിന്നു നല്ലൊരു ശതമാനം വോട്ട് കോണ്‍ഗ്രസിനു നഷ്ടമായി. അതുകൊണ്ടുതന്നെ ഇരുതലമൂര്‍ച്ചയുള്ള സ്കോളര്‍ഷിപ് വിഷയത്തില്‍ ജാഗ്രതയോടെയേ നിലപാട് സാധ്യമാകൂ. ഈ നിസ്സഹായത മുതലെടുത്ത്, ലീഗിനെതിരേ ശക്തമായ നിലപാടുമായി സി.പി.എം. രംഗത്തെത്തി. വര്ഗീയധ്രുവീകരണത്തിനാണു ലീഗ് ശ്രമിക്കുന്നതെന്നു സി.പി.എം. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന് കുറ്റപ്പെടുത്തി.
ആര്. സുരേഷ്






