
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ ആറ് പ്രതികളും വിചാരണ നേരിടമെന്ന് സുപ്രീംകോടതി വിധിച്ചതോടെ സത്യം പറഞ്ഞാല്‍ അപ്പന് അമ്മയെ കൊല്ലും, അല്ലെങ്കില്‍ പട്ടിയിറച്ചി തിന്നും എന്ന രീതിയിലായി സര്‍ക്കാരിന്റെ കാര്യം. യുഡിഎഫ് സര്‍ക്കാരിന്റെ ധനമന്ത്രിയായിരിക്കെ 2015ല്‍ കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ നടത്തിയ ശ്രമമായിരുന്നു കയ്യാങ്കളിയിലേക്കും പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്കും നീണ്ടത്.
ബാർക്കോഴ കേസിൽ കെ.എം.മാണിയ്ക്ക് എതിരേയുള്ള പ്രതിഷേധമായിരുന്നു ഇത്. എന്നാല്‍ അതേ മാണിയുടെ കേരളാകോണ്‍ഗ്രസ് ഇപ്പോള്‍ എല്‍ഡിഎഫില്‍ ആണെന്നിരിക്കെ മാണിയ്ക്ക് എതിരേ ഉന്നയിച്ച അഴിമതിയാരോപണം കോടതിയില്‍ വീണ്ടും ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണ് എല്‍ഡിഎഫിന്. വിചാരണ നേരിടുമ്പോള്‍ വാദമുഖങ്ങള്‍ ഉന്നയിക്കാന്‍ കഴിയാതെ വരുന്നത് സര്‍ക്കാരിന് പ്രതിസന്ധി സൃഷ്ടിക്കും.
കേസ് തളളണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മാണി അഴിമതിക്കാരനായതിനാലാണ് പ്രതിഷേധിച്ചത് എന്ന മുതിർന്ന അഭിഭാഷകൻ രഞ്ജിത്ത് കുമാറിന്റെ സുപ്രീംകോടതിയില്‍ നടത്തിയ പരാമർശം തന്നെ കേരള കോൺഗ്രസിനെ ഞെട്ടിക്കുന്നതായിരുന്നു. അഭിഭാഷകന്റെ ഈ പ്രസ്താവന പ്രതിപക്ഷം ഏറ്റെടുത്തതോടെ അതൃപ്തിയുമായി കേരള കോൺഗ്രസ് (എം) സർക്കാരിനെ പരാതിയറിയിച്ചു.
മാണി കുറ്റക്കാരനല്ലെന്നും രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും കണ്ടെത്തിയതാണെന്ന് പാര്‍ട്ടി നിലപാട് എടുക്കുകയും ചെയ്തതോടെ സര്‍ക്കാരിന് മറ്റൊരു തന്ത്രം പ്രയോഗിക്കേണ്ടി വരികയായിരുന്നു. മാണിയല്ല അന്നത്തെ യുഡിഎഫ് സർക്കാരാണ് അഴിമതിക്കാരെന്നു തിരുത്തേണ്ടിയും വന്നു. മുന്‍ രാഷ്ട്രീയ നിലപാടില്‍ നിന്നും വ്യത്യസ്തമായുള്ള ഈ മലക്കം മറിയല്‍ രാഷ്ട്രീയ എതിരാളികളുടെ പരിഹാസത്തിനിടയാക്കി.
പറഞ്ഞതില്‍ നിന്നും മാറ്റിപ്പറഞ്ഞ് മാണിക്ക് ക്ലീൻ ചിറ്റ് നൽകിയത് രാഷ്ട്രീയ വിചാരണയില്‍ സിപിഎമ്മിനെ വലിയ സമ്മര്‍ദ്ദത്തിലാണ് ആക്കിയത്. ഈ നിലപാടിൽ മാറ്റം വരുത്തുന്നത് രാഷ്ട്രീയമായ പ്രതിസന്ധി കൂടി സൃഷ്ടിക്കുമെന്നതിനാല്‍ ഏറെ കരുതലോടെയാണു സർക്കര്‍ നീങ്ങുന്നതും. ജോസ് പക്ഷം രാഷ്ട്രീയമായി ഒരേ ചേരിയിലായതിനാൽ,വിചാരണയില്‍ മാണിയെ വിമർശിക്കുന്ന നിലപാട് സ്വീകരിക്കാൻ സർക്കാരിനാകില്ല.
അതേ സമയം വിധിയെ തള്ളാനും കൊള്ളാനും കഴിയാത്ത രാഷ്ട്രീയ പ്രതിസന്ധിയിലാണ് കേരള കോൺഗ്രസ് (എം). വിധിയില്‍ കൃത്യമായ പ്രതികരണത്തിന് മുതിരാന്‍ ജോസ് കെ.മാണി തയാറായില്ല. വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞതിന്റെ തെറ്റും ശരിയിലേക്ക് താന്‍ പോകുന്നില്ലെന്നും ശിവന്‍കുട്ടിയുടെ രാജിക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനക്കട്ടെയെന്നുമാണ് ജോസ് പ്രതികരിച്ചത്.






