
തിരുവനന്തപുരം: നേതാക്കന്മാര് സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും പിളര്‍പ്പിലേക്ക് എത്തി നില്‍ക്കുകയും ചെയ്തിരിക്കുന്ന ഐഎന്‍എല്ലിന് ഒരു പാര്ട്ടിയേയെ ഉള്‍ക്കൊള്ളാനാകൂ എന്ന് സിപിഎമ്മിന്റെ മുന്നറിയിപ്പ്. മുന്നണിയില്‍ ഒരു പാര്‍ട്ടി മതിയെന്നും ഒന്നിപ്പിന്റെ വഴികള്‍ തേടണമെന്നും കോടിയേരി ബാലകൃഷ്ണന് രണ്ടു വിഭാഗത്തിനും അന്ത്യശാസനം നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നാണ് ഇരുവിഭാഗവും നല്‍കിയിരിക്കുന്ന മറുപടി. ഒത്തുതീര്‍പ്പ് ഫോര്‍മുല മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് അബ്ദുല്‍ വഹാബ് കോടിയേരിയെ അറിയിച്ചപ്പോള്‍ ചര്‍ച്ച ചെയ്ത് മറുപടി പറയാമെന്ന് കാസിം ഇരിക്കൂര്‍ പക്ഷവും നിലപാട് എടുത്തു. മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ച. ഒന്നിച്ചുപോവണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു. പാര്‍ട്ടിയെ വളര്‍ത്തിയവര്‍ ഐക്യമാണ് ആഗ്രഹിക്കുന്നതെന്നും ആ വികാരത്തിനൊപ്പം നില്‍ക്കുമെന്നും വഹാബ് വ്യക്തമാക്കി.
അതേസമയം വഹാബ് വിഭാഗവുമായി ചേര്‍ന്നുപോവാനാവില്ല എന്ന നിലപാടായിരുന്നു കാസിം ഇരിക്കൂര്‍ പക്ഷത്തിനുള്ളത്. മന്ത്രിസ്ഥാനത്തെക്കാള്‍ വലുത് ഐഡിയോളജിയാണെന്ന് ഐ.എന്‍.എല്‍ സംസ്ഥാന ട്രഷററും ദേശീയ ജനറല്‍ സെക്രട്ടറിയുമായ എ.എം.എന്‍ നൗഷാദ് പറഞ്ഞു. മന്ത്രി അവരുമായി എന്ത് ചര്‍ച്ച ചെയ്താലും തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി ദേശീയ പ്രസിഡന്റാണ്. ദേശീയ പ്രസിഡന്റിനെ തീവ്രവാദിയെന്നാണ് വഹാബും കൂട്ടരും വിശേഷിപ്പിച്ചതെന്നും നൗഷാദ് ആരോപിച്ചു. ഇരുവിഭാഗവും ഒന്നിക്കണമെന്ന് നേരത്തേ തന്നെ സിപിഎം നിര്‍ദേശിച്ചിരുന്നു.






