ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,982 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. 533 പേര് കൂടി മരണമടഞ്ഞു. 41,726 പേര് ഇന്നലെ രോഗമുക്തരായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇതുവരെ 3,18,12,114 പേരിലേക്ക് കോവിഡ് എത്തി. 3,09,74,748 പേര് രോഗമുക്തരായി. 4,26,290 പേര് മരണമടഞ്ഞു. 4,11,076 പേര് നിലവില്‍ ചികിത്സയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതുവരെ 48,93,42,295 ഡോസ് വാക്സീന് വിതരണം ചെയ്തു. 47,48,93,363 കോവിഡ് സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. അതില്‍ 16,64,030 ടെസ്റ്റുകള്‍ ഇന്നലെ നടത്തിയതായി ഐ.സി.എംആര്‍ അറിയിച്ചു.
ഇന്ത്യ, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടണ് യാത്രാനിയന്ത്രണം ലഘൂകരിച്ചു. റെഡ്ലിസ്റ്റില്‍ നിന്ന് അംബെര് ലിസ്റ്റിലേക്കാണ് മാറ്റിയിരികകുന്നത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് 8 മുതല്‍ രാജ്യത്ത് നിയന്ത്രണത്തോടെ പ്രവേശനം നല്‍കും. ഹോട്ടലുകളിലെ 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് ഒഴിവാക്കി താമസസ്ഥലത്ത് ക്വാറന്റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിബന്ധന. ഏപ്രില്‍ 23 മുതലാണ് ിന്ത്യ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, ഓസ്ട്രിയ, നോര്‍വേ എന്നിവയെ ഗ്രീന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഫ്രാന്‍സില്‍ നിന്നുള്ളവര്‍ക്ക് ബ്രിട്ടണ് ക്വാറന്റീന് ഒഴിവാക്കി.
ചൈനയും പൗരന്മാര്ക്ക് പുറത്തേക്കുള്ള യാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തരമോ അത്യാവശ്യമോ അല്ലാത്ത കാര്യങ്ങള്‍ക്ക് യാത്ര അനുവദിക്കില്ലെന്നും സാധാരണ പാസ്പോര്‍ട്ടുകളും മറ്റ് രേഖകളും നല്‍കുന്നത് നിര്‍ത്തിവയ്ക്കുകയാണെന്നും സര്‍ക്കാര്‍ ബുധനാഴ്ച വ്യക്തമാക്കി.
അതിനിടെ, ഓസ്ട്രേലിയയില്‍ കോവിഡ് കേസുകള്‍ കൂടുകയാണ്. ന്യൂ സൗത്ത് വെയ്ല്‍സില്‍ 262 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 5 പേര് മരിച്ചു. സിഡിനിയില് ലോക്ഡൗണ്‍ ആറാഴ്ച പിന്നിടുമ്പോഴും കോവിഡ് വ്യാപനത്തില്‍ കുറവില്ല. ഇന്നലെ അഞ്ച് പേര് കൂടി മരിച്ചു. ഡെല്‍റ്റ വകഭേദമാണ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജപ്പാനിലെ ടോക്യോ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വകഭേദമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ലോകത്താകെ 20 കോടി ആളുകളിലേക്ക് കോവിഡ് പടര്‍ന്നുപിടിച്ചെന്നാണ് കണക്ക്. ഡെല്‍റ്റ വകഭേദത്തിന്റെ വരവും കുറഞ്ഞ വാക്സിനേഷന് നിരക്കും കുറഞ്ഞ ആരോഗ്യ സംവിധാനങ്ങളുമാണ് ഇതിനു കാരണം. ഇക്കാര്യത്തില്‍ സമ്പന്ന -ദരിദ്ര രാഷ്ട്രങ്ങള്‍ക്കിടയില്‍ വലിയ വിടവുണ്ട്. ലോക ജനസംഖ്യയില്‍ മൂന്നിലൊന്നിന് ഇതുവരെ ആദ്യ ഡോസ് വാക്സിന് പോലും ലഭിച്ചിട്ടില്ല. മഹാമാരി പൊട്ടിപ്പുറപ്പെട്ട് ഇതുവരെ ലോകജനതയില്‍ 2.6% പേര്‍ക്ക് മാത്രമാണ് കോവിഡ് വന്നത്. കുറഞ്ഞ പരിശോധനാ നിരക്ക് പല രാജ്യങ്ങളിലും യഥാര്‍ത്ഥ കണക്ക് പുറത്തുകൊണ്ടുവന്നിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സ്പുട്നിക് V വാക്സിന് മൂന്ന് കമ്പനികളുടെ വാക്സിനുമായി സംയോജിപ്പിച്ച് ഉപയോഗിക്കുന്നത്് ഡെല്‍റ്റ വകഭേദത്തെ നേരിടാന്‍ ഫലപ്രദമാണെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി. സ്പുട്നിക്കിന്റെ ആദ്യ കോമ്പോണന്റ് ആന്സ്ട്രസിനെക്ക, സിനോഫാം, മൊഡേണ എന്നിവയുടെ വാക്സിനുമായി മിക്സ് ചെയ്യുന്നതിനെയാണ് കമ്പനി അനുകൂലിക്കുന്നത്.
ഇന്ത്യയുടെ കോവാക്സിന് ഹംഗറിയില്‍ നിന്ന് ഗുഡ് മാനുഫാക്ചറിംഗ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി ഭാരത് ബയോടെക് അറിയിച്ചു.






