
ഒളിംപിക്സ് ഹോക്കിയിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ഇന്ത്യക്ക് പരാജയം. നിലവിലെ സ്വർണ ജേതാക്കളായ ബ്രിട്ടനോട് തോറ്റതോടെ ടോക്കിയോയിൽ ഇന്ത്യയ്ക്ക് ലഭിച്ചത് നാലാം സ്ഥാനം. മൂന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രിട്ടിന്റെ വിജയം.
ഇന്ത്യയ്ക്കായി പെനൽറ്റി കോർണർ സ്പെഷലിസ്റ്റ് ഗുർജീത് കൗർ ഇരട്ടഗോൾ നേടി. 25, 26 മിനിറ്റുകളിലായിരുന്നു ഗുർജീതിന്റെ ഗോളുകൾ. മൂന്നാം ഗോൾ 29–ാം മിനിറ്റിൽ വന്ദന കടാരിയ നേടി. ഹോക്കി ടർഫിലും ബ്രിട്ടൻ മെഡൽ പട്ടികയിൽ ഇടംപിടിച്ചതോടെ ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ വീണ്ടും മങ്ങി. ഇതോടെ, ടോക്കിയോയിൽ ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടു വെള്ളിയും മൂന്നു വെങ്കലവും സഹിതം അഞ്ചിൽത്തന്നെ തുടരും.
ഭാരോദ്വഹനത്തിൽ മീരാബായ് ചാനു, ഗുസ്തിയിൽ രവികുമാർ ദാഹിയ എന്നിവർ വെള്ളിയും ബാഡ്മിന്റൻ സിംഗിൾസിൽ പി.വി. സിന്ധു, ബോക്സിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ, പുരുഷ ഹോക്കി ടീം എന്നിവർ വെങ്കലവും നേടിയിരുന്നു.






