
ന്യൂഡല്‍ഹി: യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ജോണ്സണ് ആന്റ് ജോണ്സണ് വികസിപ്പിച്ചെടുത്ത ഒറ്റ ഡോസ് കോവിഡ് 19 വാക്സിന് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവിയ്യയാണ് ഇക്കാര്യം ട്വിറ്റിലൂടെ അറിയിച്ചത്.
ഇന്ത്യയില്‍ ഈ വാക്സിന് ലഭ്യമാക്കുക ഹൈദരാബാദ് ആസ്ഥാനമായ 'ബയോളജിക്കല്‍ ഇ ലിമിറ്റഡ്' വഴിയാണ്. രാജ്യത്ത് ലഭ്യമാകുന്ന അഞ്ചാമത്തെ വാക്സിനാണിത്. അടിയന്തര ഉപയോഗത്തിന് അനുമതി തേടി അപേക്ഷ നല്കി രണ്ട് ദിവസത്തിനുള്ളലാണ് കമ്പനിക്ക് അനുമതി ലഭിക്കുന്നത്.
'ഇന്ത്യയുടെ വാക്സിന് ബാസ്ക്കറ്റ് വിപുലീകരിക്കുകയാണ്. ജോണ്സണ് ആന്റ് ജോണ്സണ് സിംഗിള്‍ ഡോസ് കോവിഡ് വാക്സിന് ഇന്ത്യ അടിയന്തര ഉപയോഗത്തിന് അനുമതി നല്കി. അടിയന്തര ഉപയോഗത്തിന് അംഗീകാരമുള്ള അഞ്ചാമത്തെ വാക്സിന് ആണിത്. കോവിഡിനെതിരായ രാജ്യത്തിന്റെ സംഘടിത പോരാട്ടത്തെ ഉത്തേജിപ്പിക്കുന്നതാണിത്.' മന്ത്രി ട്വീറ്റ് ചെയ്തു.






