
അഫ്ഗാനിസ്ഥാന്; അഫ്ഗാനിസ്ഥാനില്‍ വീണ്ടും താലിബാന് ക്രൂരത. ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ചു എന്നാരോപിച്ച് താലിബാന് തീവ്രവാദികള്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബല്‍ഖ് പ്രവിശ്യയില്‍ ആണ് സംഭവം എന്ന് റേഡിയോ ആസാദി റിപ്പോര്‍ട്ട് ചെയ്യുന്നു. പുറത്ത് ഇറങ്ങിയപ്പോള്‍ ആണ് തുണ ഇല്ലായിരുന്നു എന്നതും കൊലപാകത്തിന് കാരണമായി എന്നാണ് റിപ്പോര്‍ട്ട്.
താലിബാന്റെ നിയന്ത്രണത്തിലുളള സമര് ഖണ്ഡ് എന്ന ഗ്രാമത്തില്‍ ആണ് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയൊന്നുകാരിയായ നസനിനെ ആണ് താലിബാന് കൊലപ്പെടുത്തിയത്. മസര്‍ ഇ ഷരീഫിലേക്ക് പോകാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ തീവ്രവാദികള്‍ കാറില്‍ നിന്ന് വലിച്ചിറക്കി തലയില്‍ വെടിവെയ്ക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവം നടക്കുമ്പോള്‍ നസനിന്‍ ബുര്‍ഖ ധരിച്ചിരുന്നില്ലെന്നും പോലീസ് പറയുന്നു.
സ്ത്രീകള്‍ പുറത്ത് ജോലി ചെയ്യുന്നത് താലിബാന് വിലക്കിയിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം യുവതിയെ കൊലപ്പെടുത്തിയെന്ന ആരോപണം താലിബാന് നിഷേധിച്ചിരിക്കുകയാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ഉള്‍പ്പെടെ പിന്മാറ്റത്തോടെ താലിബാന് അഫ്ഗാനിസ്ഥാനില്‍ പിടി മുറുക്കിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് എതിരെ കടുത്ത നിയമങ്ങള്‍ നടപ്പിലാക്കുകയാണ് താലിബാന്. പെണ്‍കുട്ടികള്‍ സ്കൂളില്‍ പോയി പഠിക്കുന്നത് താലിബാന് വിലക്കിയിരിക്കുകയാണ്. മാത്രമല്ല തലമുതല്‍ കാല് വരെ പൂര്‍ണമായും മറയ്ക്കാതെ സ്ത്രീകള്‍ക്ക് പുറത്തേക്ക് ഇറങ്ങാനും താലിബാന് തീവ്രവാദികള്‍ അനുവാദം നല്‍കുന്നില്ല.






