
ടെലിവിഷന്‍ സീരിയല്‍ രംഗത്ത് മികച്ചരീതിയില്‍ നില്‍ക്കുമ്പോഴാണ് 2012 ല്‍ ശരണ്യ ആദ്യമായി ഷൂട്ടിംഗ് സെറ്റില്‍ കുഴഞ്ഞുവീഴുന്നത്. പരിശോധനയില്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തി. പിന്നീട് മരുന്നും മന്ത്രവുമായി വര്‍ഷങ്ങളോളം ചികിത്സ.
നേരത്തേ ഏഴാം തവണയും തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞതോടെയാണ് ശരീരത്തിന്റെ ഒരുവശം തളര്‍ന്നത്. പ്രതിസന്ധികളിൽ തളരാതെ ആത്മവിശ്വാസം കൊണ്ട് അനേകം തവണയാണ് ശസ്ത്രക്രിയയും തിരിച്ചുവരവുമായി ശരണ്യ ജീവിച്ചത്.
ശാലീന സുന്ദരിയായി നാടന്‍ വേഷങ്ങളിലൂടെയാണ് സീരിയല്‍ രംഗത്ത് തുടങ്ങിയത്. മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കിടയില്‍ പിന്നീട് നായികയും വില്ലത്തയുമായി തിളങ്ങി. അസുഖം ആഘാതം ഏല്‍പ്പിക്കുമ്പോഴും തിരിച്ചുവരാമെന്ന ആത്മവിശ്വാസം ആയിരുന്നു നയിച്ചത്. കൈനിറയെ അവസരങ്ങളുമായി 2012ൽ ഫീൽഡിൽ നിറഞ്ഞു നിൽക്കുമ്പോഴാണ് തലവേദനയുടെ രൂപത്തിൽ ശരണ്യയെ തേടി ട്യൂമർ എത്തുന്നത്. സ്വാതി എന്ന തെലുങ്കു സീരിയലില്‍ അഭിനയിച്ചുകൊണ്ടിരിക്കെയായിരുന്നു തലവേദന തുടങ്ങിയത്.
മൈഗ്രേയ്നാണെന്ന് കരുതി മരുന്നുവാങ്ങി കഴിച്ചു വീണ്ടും ജോലി ചെയ്തു. പിന്നാടായിരുന്നു ട്യൂമറാണെന്ന് തിരിച്ചറിഞ്ഞത്. ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് സുഹൃത്ത് ബിനുവിന്റെ ആലോചന വരുന്നത്. 2014–ൽ ഒക്ടോബർ 26 ന് ബിനുവും ശരണ്യയും വിവാഹിതരായെങ്കിലും ട്യൂബര്‍ വീണ്ടും വില്ലനായി ശരണ്യയുടെ ജീവിതത്തില്‍ എത്തിയതോടെ വിവാഹജീവിതവും പ്രശ്നത്തിലായി. തുടരെയുള്ള ഓപ്പറേഷനുകളും റേഡിയേഷനുമായി തുടരെത്തുടരെയുള്ള ചികിത്സകളും പ്രക്രിയകളും ശരണ്യയുടെ ആരോഗ്യത്തെയും ജീവിതത്തെയും ഒരുപോലെ ബാധിച്ചു.
2012–20 കാലഘട്ടത്തിൽ തലയിൽ ഒമ്പതു ശസ്ത്രക്രിയകളും 33 തവണ റേഡിയേഷനും ഒക്കെയായി പല തവണയായുള്ള തുടര്‍ചികിത്സയും ശരണ്യയെ സാമ്പത്തീകമായും തകര്‍ത്തു. സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി.നായരാണ് ആദ്യാവസാനം കൂടെ നിന്നത്. ശാരീരികവും മാനസികമായും തളർന്ന ശരണ്യയ്ക്ക് പിന്നീട് ചികിത്സാ ചെലവുകൾക്കായി ഉണ്ടായിരുന്നതെല്ലാം വിറ്റുകളയേണ്ട അവസ്ഥയും ഉണ്ടായി. സാമ്പത്തികമായും തകർന്നതോടെ അമ്മയും ശരണ്യയും വാടകവീട്ടില്‍ ഒറ്റയ്ക്കായി.
പിന്നീട് സീമ ജീ. നായരുടെ നേതൃത്വത്തില്‍ സുമനസ്സുകളുടെ സഹായം വന്നതോടെ സ്വന്തം വീട്ടിലേയ്ക്ക് ശരണ്യയും അമ്മയും താമസം മാറി. അസുഖമെല്ലാം മാറി വെള്ളിത്തിരയില്‍ സജീവമാകണമെന്ന ആശ ബാക്കി വെച്ച് ഒടുവില്‍ ശരണ്യ യാത്രയാകുകയും ചെയ്തു.






