
മൂന്നാർ: പെട്ടിമുടി ദുരന്തത്തിൽ തമിഴ്നാട് സ്വദേശിനി മരിച്ചെന്നു കാട്ടി മരണസർട്ടിഫിക്കറ്റ് ലഭിക്കാൻ സഹായിക്കണമെന്നുള്ള ബന്ധുവിന്റെ അപേക്ഷ ഇൻഷുറൻസ് തുക തട്ടിയെടുക്കാനുള്ള ഗൂഢശ്രമമെന്ന് പോലീസ്. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനി ഉമ്മു സലീമ (76) അപകടത്തിൽ മരിച്ചുവെന്നാണ് ബന്ധുവിന്റെ വാദം.
പാലക്കാട് സ്വദേശിനി മൈമുനയാണ് ഡീൻ കുര്യാക്കോസ് എം.പി.ക്ക് 2020 ഒക്ടോബർ 26-ന് അപേക്ഷ നൽകിയത്. എം.പി. പരാതി എസ്.പി.ക്ക് കൈമാറി. ദുരന്തം നടക്കുന്ന ഓഗസ്റ്റ് ആറിന് രാത്രി ഉമ്മു സലീമ അവിടെയുണ്ടായിരുന്നെന്നും അവർ കൊല്ലപ്പെട്ട വിവരം ആരുമറിഞ്ഞില്ലെന്നുമാണ് അപേക്ഷയിലുണ്ടായിരുന്നത്. എന്നാൽ, ഇത്തരത്തിലൊരാൾ പെട്ടിമുടിയിലെത്തിയിട്ടില്ലെന്നും മരിച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി.
അതെ സമയം, ഉമ്മു 2016-ൽ മരിച്ചെന്ന് കണ്ടെത്തി. ഉമ്മു സലീമയുടെ പേരിലുണ്ടായിരുന്ന അപകട ഇൻഷുറൻസ് തുകയുടെ നോമിനിയായി അടുത്ത ബന്ധുവായ മൈമുനയുടെ ഇളയ മകളെയാണ് ചേർത്തിരിക്കുന്നതെന്നും കണ്ടെത്തി. ഈ പണം തട്ടിയെടുക്കുന്നതിന് ഗൂഢാലോചന നടത്തുകയായിരുന്നെന്നും വെളിപ്പെട്ടു.






