
തിരുവനന്തപുരം: രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരെയും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു ഡോസ് വാക്സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും പരിശോധന ആവശ്യമില്ല.
സംസ്ഥാനത്ത് ആർ.ടി.പി.സി.ആർ. പരിശോധന കുറവാണെന്നും ആന്റിജനാണ് നടത്തുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. 18 വയസ്സിനുമുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യഡോസ് വാക്സിൻ ലഭിച്ച ജില്ലകളിൽ 1000 സാമ്പിളുകളിൽ പരിശോധന നടത്തും. 80 ശതമാനത്തിനുതാഴെ ആദ്യ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിൽ പരിശോധന നടത്തും.
12 മണിക്കൂറിനുള്ളിൽ പരിശോധനഫലം നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്റിജൻ, ആർ.ടി.പി.സി.ആർ. ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും.






