
ന്യൂഡല്‍ഹി: പീഡനക്കേസില്‍ കുടുങ്ങിയ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാംബാപ്പുവിന് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. ജാമ്യം നല്കാന് തക്കവിധത്തില്‍ ഒരു സാധാരണ കുറ്റകൃത്യമല്ലെന്ന് കോടതി പറഞ്ഞു. ആശ്രമത്തില്‍ 16 കാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ആസാറാം ബാപ്പു ഉത്തരാഖണ്ഡില്‍ രണ്ടുമാസത്തെ ആയുര്‍വേദ ചികിത്സ എന്ന പേരിലാണ് ഇടക്കാലജാമ്യം തേടിയത്.
എന്നാല്‍ ജയിലില്‍ തന്നെ ആയുര്‍വേദ ചികിത്സ കിട്ടുമെന്ന് പറഞ്ഞായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. 2018 ലാണ് ജോധ്പൂര്‍ കോടതി ആസാറാം ബാപ്പുവിനെ 2013 ല്‍ 16 കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് തടവുശിക്ഷ വിധിച്ചത്. പോക്സോ പ്രകാരമായിരുന്നു കേസെടുത്തത്. കേസില്‍ രണ്ടുപേര്‍ക്ക് 20 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചപ്പോള്‍ രണ്ടുപേരെ കുറ്റവിമുക്തരുമാക്കി. ഒമ്പതു ദൃക്സാക്ഷികളെയാണ് വിചാരണ ചെയ്തത്. തുടര്‍ന്ന് ആസാറാം ആക്രമിക്കപ്പെടുകയും മൂന്ന് പേര് മരണമടയുകയും ചെയ്തു.
സമാനഗതിയിലുളള ഹര്‍ജികള്‍ 2014 ലും 2016 ലും ആസാറാം ബാപ്പു സമര്പ്പിച്ചതാണെന്നായിരുന്നു ജാമ്യം എതിര്‍ത്ത് രാജസ്ഥാന് സര്‍ക്കാര്‍ കോടതിയില്‍ നല്കിയ മറുപടി. അന്ന് സുപ്രീംകോടതി നിയോഗിച്ച ഡോക്ടര്‍മാരുടെ പ്രത്യേക സമിതി ഇയാളുടെ ആരോഗ്യം മോശമായിട്ടില്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നതായും ആസാറാം ബാപ്പുവിന്റെ ഇപ്പോഴത്തെ ശ്രമം ചികിത്സയുടെ പേരും പറഞ്ഞ് തടവുശിക്ഷയില്‍ നിന്നും രക്ഷപെടാനുള്ള ശ്രമമാണെന്നും പറഞ്ഞു. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും ജാമ്യത്തെ എതിര്‍ത്തു. ആസാറാം ബാപ്പുവിന് നല്കുന്ന ഏത് ഇളവുകളും തനിക്കും കുടുംബത്തിനും ഭീഷണിയാണെന്നും പറഞ്ഞു.






