
ആലപ്പുഴ: കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് പോയ ആരോഗ്യ പ്രവര്ത്തകയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നുവെന്ന് യുവതി പരാതിയില് പറയുന്നു. തൃക്കുന്നപ്പുഴ പാനൂരിന് സമീപം തിങ്കളാഴ്ച അര്ദ്ധരാത്രിയോടെയായിരുന്നു സംഭവം.
വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരിയാണ് ആക്രമണത്തിന് ഇരയായത്. ഇരുചക്രവാഹനത്തിലാണ് യുവതി സഞ്ചരിച്ചിരുന്നത്. ബൈക്കിലെത്തിയ സംഘം െഹല്മറ്റ്കൊണ്ട് ഇവരുടെ തലയ്ക്കടിക്കുകയും പിടിച്ചുബൈക്കില് കയറ്റാന് ശ്രമിച്ചുവെന്നുമാണ് പരാതി.
അക്രമികളില് നിന്ന് ഓടിരക്ഷപ്പെട്ട യുവതി റോഡിലുണ്ടായിരുന്ന പോലീസ് പട്രോളിംഗ് വാഹനത്തെ സമീപിക്കുകയായിരുന്നു. യുവതി അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് വഴിയില് ബൈക്ക് നിര്ത്തിവച്ചിരിക്കുന്നത് കണ്ടു. പോലീസ് വാഹനം കണ്ടതോടെ രണ്ടുപേര് ബൈക്കില് കയറിപ്പോയി.
യുവതിയെ ആക്രമിച്ച് ആഭരണങ്ങള് കവരാനുള്ള ശ്രമമായിരുന്നോ എന്ന് പോലീസ് സംശയിക്കുന്നു. എന്നാല് രാത്രികാലങ്ങളില് സഞ്ചരിക്കുന്നതിനാല് സ്വര്ണം ഉപയോഗിക്കാറില്ലെന്ന് യുവതി പറയുന്നു. മദ്യപസംഘമായിരിക്കാം ആക്രമണത്തിന് പിന്നിലെന്നും സംശയമുണ്ട്. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.







Comments