ന്യുഡല്‍ഹി: ഡല്‍ഹി കന്റോണ്‍മെന്റ് മേഖലയില്‍ ഒമ്പത് വയസ്സുകാരിയെ ബലാത്സംഗ ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ നല്കിയ കുറ്റപത്രം. ബലാത്സംഗത്തിനിടെ ശ്വാസംമുട്ടിച്ചാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ശ്മശാനത്തിലെ പുരോഹിതന് രാധേ ശ്യാം ആണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ഓഗസ്റ്റ് രണ്ടിനാണ് ശ്മശാനത്തിലെ കൂളറില്‍ നിന്ന് തണുത്ത വെള്ളമെടുക്കാന്‍ പോയ പെണ്‍കുട്ടിയെ കൊലപ്പെടുത്തി ദഹിപ്പിച്ചത്.
ഈ പുരോഹിതന് ഒമ്പത്കാരി മൂന്‍പും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഇയാള്‍ അശ്ലീല സൈറ്റുകള്‍ക്ക് അടിമയാണെന്നും 1300ല്‍ ഏറെ അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായെ്നും പോലീസ് പറയുന്നു.
പ്രതികളായ രാധേ ശ്യാം, കുല്‍ദീപ് സിംഗ്, സലീം അഹമ്മദ്, ലക്ഷ്മി നാരായണ്‍ എന്നിവര്‍ക്കെതിരെ ബലാത്സംഗം, അനധികൃതമായി തടഞ്ഞുവയ്ക്കുക, കൊലപാതകം, തെളിവ് ശനിപ്പിക്കല്, പോക്സോ, പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയുന്ന വകുപ്പുകള്‍ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. പ്രതികള്‍ക്കെതിരെ മതിയായ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു. ഇതാദ്യമായാണ് പെണ്‍കുട്ടിയുടെ മരണകാരണം പോലീസ് പുറത്തുവിടുന്നത്.
സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ അംഗമായ പെണ്‍കുട്ടി ഡല്‍ഹി കന്റോണ്‍മെന്റ് മേഖലയിലെ പുരാന നങ്കല്‍ സ്വദേശിനിയാണ്. ബലാത്സംഗത്തിനിടെ പ്രതി രാധേ ശ്യാം പെണ്‍കുട്ടിയുടെ മുഖത്ത് അമര്ത്തിപ്പിടിച്ചതോടെയാണ് ശ്വാസംമുട്ടി മരിച്ചതെന്ന പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം പ്രതികള്‍ ശ്മശാനത്തിലിട്ട് കത്തിക്കുകയും ചെയ്തു.
രാധേ ശ്യാം പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ മറ്റൊരു പ്രതിയായ കുല്‍ദീപ് സിംഗ് ആണ് കുട്ടിയുടെ കൈകള്‍ പിടിച്ചുവച്ചതെന്നും പോലീസ പറയുന്നു. കുട്ടി മരിച്ചതോടെ അമ്മയെ വിവരം അറിയിച്ച പ്രതികള്‍ കൂളറില്‍ നിന്ന് ഷോക്കേറ്റാണ് മരണമെന്ന് ധരിപ്പിച്ചു. എന്നാല്‍ കൂളറില്‍ നിന്ന് ഷോക്കേല്ക്കാനുള്ള ഒരു സാഹചര്യവും ഇല്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
മരണവിവരം പോലീസിനെ അറിയിക്കരുതെന്ന പുരോഹിതനും കൂട്ടുപ്രതികളും പറഞ്ഞു. പോലീസ് എത്തിയാല്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്നും ആന്തരിക അവയവങ്ങള്‍ മോഷ്ടിക്കുമെന്നും ഇവര്‍ പറഞ്ഞ് ഭയപ്പെടുത്തി. ഉടനെ മൃതദേഹം ദഹിപ്പിക്കാന്‍ ഇവര്‍ മാതാപിതാക്കളെ നിര്‍ബന്ധിച്ചു.
എന്നാല്‍ കുട്ടിയുടെ ശരീരത്തിലെ പാടുകള്‍ ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇത് ദേശീയ തലത്തില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് പോലീസ് കേസെടുത്തതും പ്രതികളെ അറസ്റ്റു ചെയ്തതും.





