
ന്യൂഡല്‍ഹി: വലിയ നോട്ടുകള്‍ അസാധുവാക്കിയതിന്റെ പേരില്‍ ഇടപാടുകാര്‍ക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വരും ദിവസങ്ങളില്‍ 100 രൂപ നോട്ടുകള്‍ക്ക് പുറമേ 20 ന്റെയും 50 ന്റെയും നോട്ടുകള്‍ ലഭ്യമാക്കുമെന്ന് എസ്ബിഐ. എസ്ബിഐ തലവന്‍ അരുന്ധതി ഭട്ടാചാര്യയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അടുത്ത കാലത്ത് ഈ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്നും ലഭ്യമായിരുന്നില്ല.
എന്നാല്‍ എടിഎം കൗണ്ടറുകളില്‍ തള്ള് കുറയുന്ന അവസരത്തില്‍ ഈ നോട്ടുകള്‍ കൂടി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. എടിഎമ്മുകളില്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല എങ്കിലും ബാങ്കുകള്‍ വഴി വിതരണം ചെയ്തിരുന്ന ഇത്തരം നോട്ടുകള്‍ അവശ്യ സാധനങ്ങള്‍ വാങ്ങുന്ന ഇടങ്ങളിലും മറ്റും സാധാരണക്കാര്‍ക്ക് വലിയ ഉപകാരമായി മാറിയിരുന്നു. ഇതിനൊപ്പം ഒരു ബാങ്കിന്റെ എടിഎം കാര്‍ഡ് മറ്റ് എടിഎമ്മുകളില്‍ ഉപയോഗിക്കുന്നതിന് ചുമത്തിയിരുന്ന ഫീസും എടുത്തുമാറ്റാന്‍ ആര്‍ബിഐ നിര്‍ദേശമുണ്ട്. എടിഎം കാര്‍ഡ് ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന എണ്ണപരിധി ഡിസംബര്‍ മാസം 30 വരെ എടുത്തുമാറ്റിയിട്ടുണ്ടെന്നാണ് വിവരം. നവംബര്‍ 8 ന് 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ അസാധുവാക്കിയതോടെ ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്.
അതേസമയം ആസൂത്രണമില്ലാത്ത ഈ നീക്കം രാജ്യത്തെ വിവിധ എടിഎമ്മുകളെ പ്രതിസന്ധിയിലുമാക്കി. പുതിയ നോട്ടുകള്‍ ആവശ്യമായ രീതിയില്‍ നിറയ്ക്കാന്‍ കഴിയാത്തതാണ് പ്രശ്നം. പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ ഏകദേശം 2.2 ലക്ഷം എടിഎമ്മുകള്‍ നിശ്ചലമാണ്. ദിവസവും 25,000 എടിഎമ്മുകള്‍ നിറച്ചിരുന്ന സ്ഥാനത്ത് കഴിഞ്ഞ അഞ്ചു ദിവസമായി 72,000 എടിഎമ്മുകളിലാണ് ക്യാഷ് നിക്ഷേപിക്കുന്നത്. 100, 50 നോട്ടുകള്‍ നിക്ഷേപിക്കേണ്ട സാഹചര്യവും വന്നു ചേര്‍ന്നിരിക്കുന്നതിനാല്‍ മതിയായ തുക മറികടക്കാനും കഴിയുന്നില്ല. 40 ലക്ഷം നിറച്ചിരുന്ന സ്ഥാനത്ത് ചെറിയ തുകയുടെ നോട്ടുകള്‍ കൂടി വന്നതോടെ ഇപ്പോള്‍ പത്തുലക്ഷം മാത്രമാണ് വെയ്ക്കാന്‍ കഴിയുന്നത്. ഇതാകട്ടെ മണിക്കൂറുകള്‍ക്കകം തീരുകയും ചെയ്യുന്നു. പുതിയ നോട്ടുകള്‍ വരുമ്പോള്‍ സോഫ്റ്റ്വേര്‍ ഉള്‍പ്പെടെ അതിനായി പുതിയ സംവിധാനം തന്നെ ഒരുക്കേണ്ട സ്ഥിതിയിലാണ് ബാങ്കുകള്‍.






