
ന്യൂഡല്‍ഹി: നോട്ടു പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുമ്പോള്‍ തീരുമാനത്തില്‍ നിന്നും അണുവിട വ്യതിചലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ടു നിരോധനം ഒരാഴ്ചയിലേക്ക് കടന്നിരിക്കെ സാഹചര്യം വിലയിരുത്താന്‍ ഇന്ന് ഭരണമന്ത്രാലയം ഉന്നതതല യോഗം ചേരും. ഇക്കാര്യത്തില്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തില്‍ നിര്‍ത്താനുള്ള തന്ത്രം ആലോചിച്ച് പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് യോഗം ചേരുന്നുണ്ട്.
ശക്തമായ പ്രതിഷേധം ഉയര്‍ന്ന കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ യോഗത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. ബുധനാഴ്ച പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം തുടങ്ങാനിരിക്കെ സഭയിലെ പ്രധാന വിഷയം നോട്ട് നിരോധനം ആയിരിക്കുമെന്ന ബിജെപി പ്രതിനിധികള്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. തിങ്കളാഴ്ച നടന്ന യോഗത്തില്‍ പ്രധാനമന്ത്രിക്ക് പുറമേ ബിജെപി പ്രസിഡന്റ് അമിത്ഷാ, അരുണ്‍ജെയ്റ്റ്ലി, രാജ്നാഥ് സിംഗ്, എല്‍ കെ അദ്വാനി എന്നിവര്‍ പങ്കെടുത്തു.
നോട്ട് നിരോധനം കൊണ്ടുവന്ന ശേഷമുള്ള സാഹചര്യം വിലയിരുത്താന്‍ ഇന്ന് ചേരുന്ന ഉന്നത തലയോഗം പ്രധാനമായും ചര്‍ച്ച ചെയ്യുക പുതിയതായി ഇറക്കിയ 500 ന്റെയും 1000 ന്റെയും നോട്ടുകള്‍ രാജ്യത്ത് എത്രയൂം പെട്ടെന്ന് എങ്ങിനെ വിതരണം ചെയ്യാം എന്ന കാര്യമായിരിക്കും. ഡല്‍ഹിയിലാണ് യോഗം ചേരുന്നത്. പാര്‍ലമെന്റ് നാളെ തുടങ്ങാനിരിക്കെ ഇന്ന് സര്‍വകക്ഷിയോഗവും നടക്കുന്നുണ്ട്. പഴയ നോട്ട് അസാധുവാക്കിയതിന് പിന്നാലെ ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ 45 ബില്യണ്‍ ഡോളറാണ് നോട്ട് മാറാനായി നിക്ഷേപിക്കപ്പെട്ടത്.
അതേസമയം ആഴ്ചയില്‍ 24,000 രൂപയും ദിവസം 10,000 രൂപയുമോ പിന്‍വലിക്കാവൂ എന്ന നിയമം എടുത്തുമാറ്റിയിട്ടുണ്ട്. ഇതിനൊപ്പം പാര്‍ലമെന്റില്‍ നോട്ടുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷവും യോഗം ചേരുന്നുണ്ട്. ബംഗാളില്‍ എതിരാളികളായി വര്‍ത്തിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും ഇതിനായി ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അതിനിടെ നോട്ട് പിന് വലിക്കുന്നതിനുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.






