
കൊച്ചി: കോവിഡ് പരിശോധനയ്ക്കുള്ള ആര്.ടി.പി.സി.ആര് ടെസ്റ്റിന്റെ നിരക്ക് 500 രൂപയായി കുറച്ചത് ഹൈക്കോടതി റദ്ദാക്കി. നിരക്ക് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി. 500 രൂപയ്ക്ക് പരിശോധന നടത്താന്‍ വിസമ്മതിക്കുന്ന ലാബുടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനുള്ള സര്‍ക്കാര്‍ ഉത്തരവും ഹൈക്കോടതി റദ്ദാക്കി. ലാബ് ഉടമകളുമായി ചര്‍ച്ച നടത്തിയ ശേഷം പുതിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
നിരക്ക് 500 രൂപയായി നിശ്ചയിച്ച സര്‍ക്കാര്‍ നടപടി ഏകപക്ഷീയമാണെന്നും അത് ലാബ് ഉടമകളുമായി ആലോചിക്കാതെയാണെന്നും ചൂണ്ടിക്കാട്ടി ലാബ് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. ലാബുടമകളുമായി ആലോചിച്ച് വേണം നിരക്ക് നിശ്ചയിക്കാനെന്ന് ഐ.സി.എം.ആര് ചട്ടത്തില്‍ പറയുന്ന. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇത് പാലിക്കാത്തത് ചട്ടങ്ങളുടെ ലംഘനമാണ്. 500 രൂപയ്ക്ക് പരിശോധന നടത്തുന്നത് വലിയ നഷ്ടമാണെന്നും ലാബുടമകള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഏപ്രിലില്‍ ആണ് സംസ്ഥാനത്ത് ആര്.ടി.പി.സി.ആര് പരിശോധന നിരക്ക് 1700 രൂപയില്‍ നിന്ന് 500 രൂപയാക്കി കുറച്ചത്. ഏറ്റവും ഉയര്‍ന്ന നിരക്കാണ് സംസ്ഥാനത്ത് ഈടാക്കുന്നതെന്ന വിമര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിരക്ക് കുറവ് വരുത്തിയത്. സര്‍ക്കാര്‍ ആദ്യം നിരക്ക് 1500 രൂപയാക്കി കുറച്ചുവെങ്കിലും ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് 1700 രൂപയാക്കിയിരുന്നു.






