
ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരിക്ഷാമം മൂലം ഊര്‍ജ്ജപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്.കെ. സിങ്. അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് ആവശ്യപ്പെട്ട കേന്ദ്രമന്ത്രി താപനിലയങ്ങളില്‍ നിലവിലുള്ള കല്‍ക്കരി സ്റ്റോക് നാല് ദിവസത്തേക്ക് കൂടി പര്യാപ്തമാണെന്നും വ്യക്തമാക്കി.
ഊര്‍ജ പ്രതിസ്നധി രൂക്ഷമാകുന്നുവെന്ന് പരിഭ്രാന്തി പരത്തുന്നത് കോണ്‍ഗ്രസ് ആണെന്നും അദേഹം കുറ്റപ്പെടുത്തി. കല്‍ക്കരി ഖനി വകുപ്പ് മന്ത്രി പ്രഹ്ളാദ് ജോഷിയുമായി വിഷയം നിരന്തരം ചര്‍ച്ച ചെയ്യുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അന്താരാഷ്ട്ര വിപണിയിലെ കല്‍ക്കരി ദൗര്‍ലഭ്യവും വിലക്കയറ്റവുമാണ് പ്രതിസന്ധിക്ക് കാരണമെന്ന് കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു. അന്തരാഷ്ട്ര വിപണിയിലെ വിലക്കയറ്റത്തെ തുടര്‍ന്ന് നിലവില്‍ വൈദ്യുതി നിര്‍മ്മാണത്തിന് ആഭ്യന്തര ഖനികളില്‍ നിന്നുള്ള കല്‍ക്കരിയാണ് ഉപയോഗിക്കുന്നത്. കനത്ത മഴ കല്‍ക്കരി സംഭരണത്തെ നേരിയ തോതില്‍ ബാധിച്ചുവെന്നും അദേഹം പറഞ്ഞു.
ഊര്‍ജ പ്രതിസന്ധിയെ തുടര്‍ന്ന് പഞ്ചാബ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. യുപിയില്‍ ഗ്രാമപ്രദേശങ്ങളില്‍ അഞ്ച് മണിക്കൂര്‍ വരെ പവര്‍കട്ട് ഏര്‍പ്പെടുത്തി. തലസ്ഥാന നഗരിയായ ഡല്‍ഹിയിലും സ്ഥിതി രുക്ഷമായേക്കും. കേരളത്തില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പ്രതികരിച്ചിരുന്നു.






