
ഷെര്‍ലക് ഹോംസ് കഥകളിലെ അഡ്വഞ്ചര്‍ ഓഫ് സ്പെക്കില്ഡ് ബാന്‍ഡ് എന്ന കുറ്റാന്വേഷണകഥയില്‍ വിവരിക്കുന്നതുപോലെ വിഷപാമ്പിനെ ഉപയോഗിച്ച് കൊലപാതകം നടത്തുന്നതു കേരളത്തില്‍ പുറത്തറിയുന്നത് ഇതാദ്യം.
ഉത്രക്കേസ് അന്വേഷിച്ച് തെളിയിച്ച എസ്.പി: ഹരിശങ്കറിനും സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജിനും പറയാനുളളത് അമ്പരിപ്പിക്കുന്ന കാര്യങ്ങള്‍.
ഭാര്യയെ വകവരുത്താന്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിക്കുകയും ഇതിനായി പലതവണ പരിശീലനം നടത്തുകയും ചെയ്ത ഭര്‍ത്താവ് സൂരജ് കൊടുംക്രിമിനലുകളെ പോലും വെല്ലുന്ന മാനസികാവസ്ഥയ്ക്ക് ഉടമയാണെന്നു ഇവര്‍ പറയുന്നു. കൊല്ലാന്‍ പലതവണ ശ്രമിച്ചിട്ടും സൂരജ് തന്റെ കൊലയാളിയാണെന്നു മനസിലാക്കാന്‍ ഉത്രയ്ക്ക് കഴിഞ്ഞില്ലെന്നും ആത്മാവുണ്ടെന്നു പറയുന്നത് സത്യമാണെങ്കില്‍മാത്രം ഉത്രയ്ക്ക് ഇക്കാര്യം മനസിലാക്കാന്‍ കഴിയൂവെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി.മോഹന്‍ രാജ് പറയുന്നു.
തന്റെ അഭിഭാഷക വൃത്തിയില്‍ ഇത്തരമൊരു കേസ് കൈകാര്യം ചെയ്തിട്ടില്ല-അദ്ദേഹം പറയുന്നു. സൂരജിനെ പോലെ വൃത്തികെട്ട മാനസിക അവസ്ഥയുളള ഭര്‍ത്താവിനെയും ക്രിമിനലിനെയും കണ്ടിട്ടില്ലെന്നു എസ്.പി: ഹരിശങ്കറും അടിവരയിടുന്നു.
ആദ്യം അണലിയെകൊണ്ട് ഉത്രയെ കടിപ്പിച്ചശേഷം, ആ വേദനയില്‍ ഉത്ര ആശുപത്രി കിടക്കയില്‍ പുളയുമ്പോള്‍ മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് എങ്ങനെ ഉത്രയെ കൊല്ലാമെന്ന കാര്യമായിരുന്നു ഇന്റര്‍നെറ്റില്‍ സൂരജ് തെരഞ്ഞിരുന്നതെന്ന് ഹരിശങ്കര്‍ പറയുന്നു.
പാമ്പുകടിയേറ്റ് മരിച്ച സംഭവങ്ങള്‍ തുടരന്വേഷിക്കാന്‍ കഴിയുമെങ്കില്‍ വീണ്ടും അന്വേഷിക്കണമെന്നാണ് ഉത്രവധക്കേസ് പഠിപ്പിക്കുന്നതെന്നു ഹരിശങ്കര്‍ പറയുന്നു. പുനെയിലും അഹമ്മദാബാദിലുമാണ് ഇതിനുമുമ്പ് പാമ്പിനെ ഉപയോഗിച്ച് കൊലപാതകശ്രമം നടന്നിട്ടുളളത്. രണ്ടു കേസിലും പ്രതികളെ വെറുതെവിട്ടു. പക്ഷേ, കേരള പോലീസ് സമര്‍ഥമായി ഇക്കാര്യം തെളിയിക്കുകയായിരുന്നു. ടീം വര്‍ക്കാണ് സഹായിച്ചത്-ഹരിശങ്കര്‍ ഓര്‍മിക്കുന്നു.
എസ്. നാരായണ്‍






