
ന്യുഡല്‍ഹി: ഡല്‍ഹി പോലീസ് കമ്മീഷണറായുള്ള മുതിര്‍ന്ന ഐ.പി.എസ് ഓഫീസര്‍ രാകേഷ് അസ്താനയുടെ നിയമനം ഡല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളി. നിയമനം ചോദ്യം ചെയ്തുള്ള ചീഫ് ജസ്റ്റീസ് ഡി.എന്‍ പട്ടേല്‍ അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്. സര്‍വീസ് വിഷയങ്ങളില്‍ പൊതുതാല്പര്യ ഹര്‍ജി സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറാണ് അസ്താന. ജൂലായ് 27നാണ് അസ്താനയുടെ നിയമനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ച് ഉത്തരവിറക്കിയത്. കേഡര്‍ മാറ്റി നല്‍കിയതിനു പുറമേ സര്‍വീസ് കാലാവധി നീട്ടി നല്‍കുകയും ചെയ്തിരുന്നു.
വിരമിക്കാന്‍ ആറു മാസമെങ്കിലും കാലാവധി അവശേഷിക്കണമെന്ന പ്രകാശ് സിംഗ് കേസില്‍ സുപ്രീം കോടതി നല്കിയ ഉത്തരവിന്റെ നഗ്നമായ ലംഘനമാണ് അസ്താനയുടെ നിയമനത്തില്‍ നടന്നിരിക്കുന്നതെന്നും ഡല്‍ഹി പോലീസ് കമ്മീഷണനറുടെ നിയമനത്തില്‍ യു.പി.എസ്.സി പാനല്‍ രൂപീകരിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സര്‍വീസ് കേസുകളില്‍ പൊതുതാല്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഹര്‍ജി നിയമത്തിന്റെ ദുരുപയോഗമാണെന്നും വ്യക്തി വൈരാഗ്യം തീര്‍ക്കാനുള്ള ശ്രമമാണെന്നും കേന്ദ്രം വാദിച്ചു. ഡല്‍ഹി പോലീസ് മേധാവിയായി നിയമിക്കുന്നതിന് ഏറ്റവും പരിചയ സമ്പത്തുള്ള വ്യക്തിയേ ആണ് പരിഗണിച്ചതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു.






