
കൂട്ടിക്കല്‍ : പുതുജീവിതത്തിലേക്കു കൈപിടിച്ചു കയറിയ ദേവാലയത്തിലേക്ക് മാര്‍ട്ടിനും സിനിയും ഒരിക്കല്‍ കൂടി എത്തി; അന്ത്യയാത്രയ്ക്കായി. ഉരുള്‍പൊട്ടല്‍ ഉയിരെടുത്ത ആറംഗ കുടുംബത്തിന് കാവാലി സെന്റ് മേരീസ് പള്ളിയിലെ രണ്ടു കല്ലറകളിലായി അന്ത്യവിശ്രമം ഒരുക്കിയപ്പോള്‍ ബന്ധുക്കളുടെയും നാട്ടുകാരുടെയും മനസില്‍ ഓടിയെത്തിയത് ഇതേ ദേവാലയത്തില്‍ നടന്ന മാര്‍ട്ടിന്റെയും സിനിയുടെയും വിവാഹമായിരുന്നു. പാലക്കാട്ടുകാരിയായ സിനിയെ മാര്ട്ടിന് താലിചാര്ത്തിയതു സെന്റ് മേരീസ് ദേവാലയത്തിലായിരുന്നു.
ശനിയാഴ്ച കാവാലിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഒട്ടലാങ്കല്‍ മാര്ട്ടിന് (45), മാതാവ് ക്ലാരമ്മ(73), ഭാര്യ സിനി (45) മക്കളായ സ്നേഹ (14), സോന(12), സാന്ദ്ര(10) എന്നിവരെയാണു രണ്ടു കല്ലറകളിലായി അടക്കംചെയ്തത്. വീടിരുന്ന സ്ഥലം അപ്പാടെ ഉരുള്‍ വിഴുങ്ങിയതിനാല്‍ മൃതദേഹങ്ങള്‍ നേരേ പള്ളിയിലേക്കാണ് എത്തിച്ചത്.
ആറുപേരുടെയും ചേതനയറ്റ ശരീരം ഇന്നലെ പന്ത്രണ്ടരയോടെയാണു പള്ളിയില്‍ എത്തിച്ചത്. വന്‍ജനാവലിയാണു കുടുംബത്തെ ഒരു നോക്കു കാണാനായി എത്തിയിരുന്നത്. ഒന്നര മണിക്കൂറോളം മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനു വച്ചു. പാലക്കാട്ടുനിെന്നത്തിയ സിനിയുടെ അച്ഛന് സേവ്യറും അമ്മ ബേബിയും വിങ്ങിക്കരയുന്ന കാഴ്ച കാവാലിയുടെ നൊമ്പരമായി. സിനിയുടെ സഹോദരങ്ങളായ സനേഷ്, സജി എന്നിവരും ഒപ്പമുണ്ടായിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട്ടാണ് സിനിയുടെ കുടുംബം.
ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങള്‍ സംഭവദിവസം തന്നെ കിട്ടിയിരുന്നു. മാര്ട്ടിന്, സ്നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ചയാണ് കിട്ടിയത്. വീടിനു പിന്‍ഭാഗത്തായാണ് ഉരുള്‍പൊട്ടലുണ്ടായത്. കനത്തമഴയെത്തുടര്‍ന്ന് ഇടവക വികാരിയുടെ നിര്‍ദേശപ്രകാരം വീട്ടില്‍നിന്നു മാറാന്‍ തയാറെടുക്കുമ്പോഴായിരുന്നു ഉരുള്‍പൊട്ടല്‍. മന്ത്രിമാരായ വി. എന്‍. വാസവന്, കെ. രാധാകൃഷ്ണന്, ആന്റോ ആന്റണി എം.പി., എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വാഴൂര്‍ സോമന്, മോന്‍സ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ജില്ലാ കലക്ടര്‍ ഡോ. പി.കെ. ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്പ തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
സി.ആര്. ശ്യാം