
തിരുവനന്തപുരം : ഇന്ധനനികുതിയില്‍ രാഷ്ട്രീയ പോര്‍മുഖം തുറന്നു മുന്നണികള്‍. കേന്ദ്രആനുകൂല്യത്തിന് ആനുപാതികമായി നികുതി കുറയ്ക്കാന്‍ തയാറാകാത്ത ഇടതുസര്‍ക്കാരിനെതിരേ കോണ്‍ഗ്രസിന്റെ സമരകാഹളം. ബി.ജെ.പിയെ കടന്നാക്രമിക്കുന്നതിനൊപ്പം കോണ്‍ഗ്രസ് ഭരിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ നികുതി ചൂണ്ടിക്കാട്ടി പ്രതിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും.
നികുതിയിളവിനു സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തത് ആയുധമാക്കി നാളത്തെ ചക്രസ്തംഭന സമരത്തിലൂടെ കളംപിടിക്കാനാണു കോണ്‍ഗ്രസ് തീരുമാനം. പാചകവാതക സബ്സിഡി പുനഃസ്ഥാപിക്കണമെന്നും ഇന്ധനനികുതിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്നുമുള്ള ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. വിലവര്‍ധനയില്‍ പൊറുതിമുട്ടിയ ജനങ്ങളിലേക്കു കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ പറ്റിയ മാര്‍ഗം എന്ന നിലയില്‍ വിഷയം സജീവമായി നിലനിര്‍ത്താനാണ് തീരുമാനം. സമാന വിഷയത്തില്‍ കഴിഞ്ഞ ആഴ്ച കൊച്ചിയില്‍ നടന്ന സമരം സൃഷ്ടിച്ച വിപരീതഫലത്തെ മറികടക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു.
ഇന്ധനത്തിനു രാജ്യത്തുതന്നെ ഏറ്റവുംകൂടുതല്‍ നികുതി ചുമത്തുന്ന കോണ്‍ഗ്രസ് ഭരണം കൈയാളുന്ന രാജസ്ഥാനും മഹാരാഷ്ട്രയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമീപനമാണ് ഇതിനു കേരളസര്‍ക്കാരും ഇടതുമുന്നണിയും നല്കുന്ന മറുപടി. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവിനെ ന്യായീകരിച്ചും പ്രകീര്‍ത്തിച്ചും ഇടതുസര്‍ക്കാരിനെ എതിര്‍ക്കുന്നതു ബി.ജെ.പി. അനുകൂല നിലപാടാണെന്ന വാദവും ശക്തമാക്കി. സൈബറിടങ്ങളില്‍ ഇത്തരം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇന്ധന നികുതിയില്‍ ഇളവുകള്‍ നല്‍കിയെന്ന വാദം പൊളിച്ചുകാട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം മന്ത്രി കെ.എന്‍. ബാലഗോപാല്‍ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.
സംസ്ഥാനങ്ങളെ സാമ്പത്തികമായി ദുര്‍ബലപ്പെടുത്താനുള്ള നീക്കമായാണ് ഇന്ധനനികുതി വിഷയത്തെ ഇടതുപക്ഷം കണക്കാക്കുന്നത്. ഇതിനു കൂട്ടുനിന്നാല്‍ ഫെഡറലിസം തകരും. ആദ്യം സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ട നികുതിയില്‍ കുറവുവരുത്തിയിട്ടാണ് കേന്ദ്രം വീതംവയ്ക്കേണ്ടതില്ലാത്ത അധിക എക്സൈസ് ഡ്യൂട്ടിയുടെയൂം സെസുകളുടെയും രൂപത്തില്‍ വന്‍ വര്‍ധന നടപ്പാക്കിയത്. ആദ്യത്തെ കുറവിലൂടെത്തന്നെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ടിയിരുന്ന വരുമാനം കുറഞ്ഞു. സംസ്ഥാന വില്‍പ്പന നികുതി വീണ്ടും കുറയ്ക്കണമെന്ന കേന്ദ്രവാദത്തിനു പിന്നില്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ദുഷ്ടലാക്കാണ്. സംസ്ഥാനങ്ങളെ സമ്മര്‍ദത്തിലാക്കുകയല്ല, കേന്ദ്രം കൊള്ളയടിച്ച പണം ജനത്തിനു തിരികെക്കൊടുക്കുകയാണ് വേണ്ടതെന്നും ഇടതുകേന്ദ്രങ്ങള്‍ വാദിക്കുന്നു.
ആര്. സുരേഷ്






