
ആലത്തൂരില്‍നിന്ന് അഞ്ച് ദിവസം മുന്‍പ് കാണാതായ സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്ര മൊബൈല്‍ ഗെയിമിലെ സാഹസികത തേടി. ഇവരുടെ അടുത്ത യാത്ര ഗോവയിലേക്കായിരുന്നുവെന്നും ഗോവയിലെത്തി സ്വയംതൊഴില്‍ കണ്ടെത്താനായിരുന്നു തീരുമാനമെന്നും കുട്ടികള്‍ മൊഴിനല്‍കിയതായി പോലീസ് പറഞ്ഞു.
തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെയാണ് ട്രെയിന്‍ സമയം അന്വേഷിച്ചു നില്ക്കുന്ന കുട്ടികളെ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷന് ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. ലുക്കൗട്ട് നോട്ടീസിലുണ്ടായിരുന്ന ഫോട്ടോയുമായുളള സാമ്യമാണ് ഉദ്യോഗസ്ഥര്‍ കുട്ടികളെ തിരിച്ചറിയാന്‍ കാരണമായത്. നാലുപേരുടെയും കൈയ്യിലുണ്ടായിരുന്ന പണവും ആഭരണവും യാത്രാച്ചെലവിനും താമസത്തിനും ഭക്ഷണത്തിനുമായി വിനിയോഗിച്ചു. ദൂരയാത്ര പ്ലാന്‍ ചെയ്തിരിക്കുകയാണെന്നും ഊട്ടിയില്‍ നിന്നും വരികയാണെന്നുമാണ് കുട്ടികള്‍ ആദ്യം പറഞ്ഞത്. ഉടന്‍തന്നെ ശിശുസംരക്ഷണ സമിതിയെ അറിയിച്ച് കുട്ടികളെ പ്രത്യേക മുറിയിലേക്ക് മാറ്റി ഇരുത്തുകയും ശേഷം കേരളാപോലീസിന് വിവരം കൈമാറുകയും ചെയ്തു.
ബസ് മാര്‍ഗം ഗോപാലപുരം അതിര്‍ത്തിയിലെത്തിയ കുട്ടികള്‍ തമിഴ്നാട് ബസില്‍ പൊള്ളാച്ചിയിലേക്കും പിന്നീട് വാല്‍പ്പാറയുടെ പകുതി ദൂരവും, തുടര്‍ന്ന് ഊട്ടിയിലുമെത്തുകയായിരുന്നു. ഗോവ ലക്ഷ്യമാക്കിയാണ് ഊട്ടിയില്‍ നിന്ന് കോയമ്പത്തൂരിലെത്തിയത്.ആലത്തൂരിലെത്തിച്ച വിദ്യാര്‍ഥികളെ കൗണ്‍സിലിങിന് വിധേയമാക്കി..






