
നടനായ അച്ഛന് സുരേഷ് ഒബ്റോയ് യുടെ പാത പിന്തുടര്ന്നു സിനിമയിലേക്കെത്തിയ മകനാണ് വിവേക് ഒബ്റോയ്. രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ‘കമ്പനി’യിലൂടെയായിരുന്നു വിവേകിന്റെ സിനിമാ അരങ്ങേറ്റം. ആദ്യചിത്രത്തിലൂടെ മികച്ച സഹനടനുള്ള അവാര്‍ഡും വിവേകിന് ലഭിച്ചു. അതിനു ശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ച വിവേക് ‘ലൂസിഫറി’ലെ ബോബിയായി വന്ന് മലയാളികളുടെ മനസ്സിലും ഇടംപിടിച്ചു.
2010 ലാണ് വിവേക് പ്രിയങ്ക ആല്‍വയെ വിവാഹം കഴിച്ചത്. ഇവര്‍ക്ക് വിവാന്, അമേയ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. ലോക്ഡൗണ്‍ നാളുകളിൽ തന്റെ മക്കള്‍ക്കൊപ്പം മുംബൈയിലെ വീട്ടിൽ ധാരാളം സമയം ചെലവഴിക്കാൻ വിവേകിന് കഴിയുന്നുണ്ട്. താന്‍ സ്ക്രീനിൽ അഭിനയിക്കുന്നത് കുട്ടികളെ കാണിക്കാനും വിവേക് സമയം മാറ്റിവയ്ക്കുന്നു. തന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘പ്രിന്‍സ്’ മക്കളുടെ കൂടെ ഇരുന്ന് കണ്ടതിനെ കുറിച്ച് ടൈംസിന് നല്കിയ അഭിമുഖത്തില്‍ വിവേക് പങ്കുവയ്ക്കുകയുണ്ടായി.
‘‘എന്റെ രണ്ട് കുട്ടികളും ആദ്യമായിട്ടാണ് ഈ സിനിമ കണ്ടത്. വിവാൻ ആക്ഷൻ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നതിനാൽ അവന് സിനിമ മുഴുവന്‍ കണ്ടിരുന്നു. എന്നാല്‍ സിനിമ മുഴുവന്‍ ആക്ഷന്‍ സീനുകള്‍ ആയതിനാല്‍ പാതി വഴിയില്‍ തന്നെ മകള്‍ എഴുന്നേറ്റ് പോയി. എന്റെ മകന് സിനിമ മുഴുവൻ ഇഷ്ടപ്പെട്ടു, പക്ഷേ അവനതില്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യമുണ്ടായിരുന്നു. സ്ക്രീനില്‍ തന്റെ ചുംബനരംഗമാണ് മകന് ഇഷ്ടപ്പെടാതെ പോയത്.
അമ്മ അല്ലാത്ത ഒരാളെ അച്ഛന് ചുംബിച്ചത് തീരെ ശരിയായില്ലെന്നാണ് അവന്റെ അഭിപ്രായം. സിനിമ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ നായികയെ ചുംബിക്കുന്ന രംഗം വന്നു. ആ സമയത്ത് ഞാന്‍ അനങ്ങാതെ അവന്റെ അടുത്ത് തന്നെ നില്‍ക്കുകയായിരുന്നു. പെട്ടെന്ന് ‘അമ്മയല്ലാത്ത ഒരു സ്ത്രീയെ എങ്ങനെയാണ് ചുംബിക്കാന്‍ സാധിച്ചതെ’ന്ന് ചോദിച്ചു. അവന്റെ അമ്മ അല്ലാതെ മറ്റൊരു സ്ത്രീയെ ചുംബിക്കാന്‍ പാടില്ലെന്ന് കര്‍ശനമായി പറയുകയും ചെയ്തു. മകന്റെ വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. അവന്റെ മുഖത്ത് വിലമതിക്കാനാവാത്ത ഭാവങ്ങളാണ് ഉണ്ടായിരുന്നത്.
ഞാൻ അവനോട് പറഞ്ഞു, ഇത് അഭിനയം മാത്രമാണ്, യഥാർത്ഥ ജീവിതമല്ല. പക്ഷേ അവന് പറഞ്ഞത് ‘‘ഇല്ല, അച്ഛാ ഇത് കൂൾ അല്ല, ഇത് ശരിയല്ല!’’ എന്നാണ്. പിന്നാലെ അവന്റെ അമ്മയായ പ്രിയങ്കയെ നോക്കി, ‘‘അമ്മയ്ക്ക് ഇത് ശരിയാണെന്ന് തോന്നുന്നുണ്ടോ ?’’ എന്ന് ചോദിച്ചു- വിവേകിന്റെ അഭിമുഖം ഇങ്ങനെ നീളുന്നു.






