കാസര്‍കോട്: രാഷ്ട്രപതി റാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടിയില്‍ ഔദ്യോഗിക ക്ഷണമില്ലെന്ന ആരോപണവുമായി കാസര്‍കോട് ജില്ലയിലെ ജനപ്രതിനിധികള്‍ രംഗത്ത്. പെരിയയിലുള്ള കേരളകേന്ദ്ര സര്‍വകലാശാലയില്‍ അഞ്ചാമത് ബിരുദദാന ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് രാഷ്ട്രപതി കാസര്‍കോഡ് എത്തുന്നത്.
പ്രോഗ്രാം നോട്ടിസ് അയച്ചുതന്നതല്ലാതെ ചടങ്ങിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി ആരോപിച്ചു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടക്കുന്നത് ബിജെപി മാമാങ്കം ആണെന്നും ഉണ്ണിത്താന്റെ വിമര്‍ശനമുണ്ട്. രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടിയെക്കുറിച്ചു യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഉദുമ എംഎല്‍എ സി.എച്ച്. കുഞ്ഞമ്പു പറഞ്ഞു. സര്‍വകലാശാലയുടെ നടപടി ജനാധിപത്യവിരുദ്ധവും ധിക്കാരവുമാണെന്നും ഉദുമ എംഎല്‍എ വിമര്‍ശിച്ചു.
എല്ലാവരെയും ക്ഷണിച്ചിട്ടുണ്ടെന്നും വേദിയില്‍ ഇരിപ്പിടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നാണെന്നുമാണു സര്‍വകലാശാലയുടെ അനൗദ്യോഗിക വിശദീകരണം. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം മൂന്നരയ്ക്ക് കേന്ദ്ര സര്‍വകലാശാല വളപ്പില്‍ തയാറാക്കിയ പ്രത്യേക വേദിയിലാണ് ചടങ്ങ്.






