ഭസ്മമായി അലിഞ്ഞ് അമ്മയ്ക്കരുകില്‍ നിത്യവിശ്രമത്തില്‍ ഇനി പി.ടി., മതപരമായ ചടങ്ങുകളില്ല, കത്തോലിക്കാ സഭയിലെ ആദ്യ ചരിത്ര മുഹൂര്ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങള്‍
ഭസ്മമായി അലിഞ്ഞ് അമ്മയ്ക്കരുകില്‍ നിത്യവിശ്രമത്തില്‍ ഇനി പി.ടി., മതപരമായ ചടങ്ങുകളില്ല, കത്തോലിക്കാ സഭയിലെ ആദ്യ ചരിത്ര മുഹൂര്ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങള്‍
Authored by സ്വന്തം ലേഖകന്‍ | Last updated: 04 Jan 2022, 12:54 AM | 1 min read
ചെറുതോണി: ഭസ്മമായി അലിഞ്ഞ് അമ്മയ്ക്കരുകില്‍ ഇനി നിത്യവിശ്രമത്തില്‍ പി.ടി. തോമസ്. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം പോലെ ചിതാഭസ്മം ഉപ്പുതോട് സെന്റ് ജോസഫ് ദേവാലയത്തിലെ കുടുംബ കല്ലറയില്‍ അമ്മയുടെ ഭൗതികാവശിഷ്ടത്തിന് സമീപം അടക്കം ചെയ്തു. ഇന്നലെ വൈകിട്ട് 5.15നായിരുന്നു ചടങ്ങ്. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമെന്നു വിശേഷിപ്പിക്കാവുന്ന മുഹൂര്ത്തത്തിനു സാക്ഷ്യം വഹിക്കാന്‍ ഉച്ചമുതല്‍ ദേവാലയത്തിലേക്ക് നാട്ടുകാര്‍ ഒഴുകിയെത്തി.
തന്നില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ അമ്മയോടൊത്താവണം മരണശേഷമുള്ള നിത്യനിദ്രയെന്നത് നേരത്ത തന്നെ പി.ടി. ഉറപ്പാക്കിയിരുന്നു. അന്ത്യാഭിലാഷത്തിന്റെ കാര്യം അടുത്ത സുഹൃത്തായ ഡിജോ കാപ്പനോടാണ് വെല്ലൂരിലെ ആശുപത്രിയില്‍ വച്ച് പറഞ്ഞത്. മരണശേഷം വിവരമറിഞ്ഞ ഭാര്യയും മക്കളും മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സഭാ അധികൃതരുടെ അനുമതിയോടെയാണ് ഇന്നലെ ചടങ്ങ് പൂര്‍ത്തിയാക്കിയത്. പി.ടിയുടെ ഭാര്യ ഉമ, മക്കളായ വിഷ്ണു, വിവേക് എന്നിവരും കുടുംബാംഗങ്ങളും, സുഹൃത്തുക്കളും, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
ഇന്നലെ രാവിലെ പി.ടി തോമസിന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചിതാഭസ്മം ബന്ധുക്കളില്‍നിന്ന് ഏറ്റുവാങ്ങി. തുടര്‍ന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന് ചിതാഭസ്മം കൈമാറി. വി.പി. സജീന്ദ്രന്, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡീന്‍ കുര്യാക്കോസ് എം.പി. എന്നിവരുടെ നേതൃത്വത്തിലാണ് തുറന്ന വാഹനത്തില്‍ സ്മൃതിയാത്ര ആരംഭിച്ചത്. പി.ടിയുടെ കുടുംബവും യാത്രയെ അനുഗമിച്ചു. കളമശേരി മുതല്‍ ഇടുക്കി ജില്ലാതിര്‍ത്തിയായ നേര്യമംഗലം വരെ പ്രധാന കേന്ദ്രങ്ങളിലെല്ലാം നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചിതാഭസ്മത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ കാത്തുനിന്നു. നാലുമണിയോടെ സ്മൃതിയാത്ര ഉപ്പുതോട്ടില്‍ എത്തി. ഉപ്പുതോട് പള്ളിക്കവലയില്‍ തയാറാക്കിയിരുന്ന പന്തലില്‍ നാട്ടുകാര്‍ക്ക് ആദരമര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.
ദേവാലയത്തിന്റെ കുരിശടി യില്‍ ചിതാഭസ്മം പി.ടി. തോമസിന്റെ സഹോദരന് പി.ടി. ജോര്‍ജും സഹോദരിമാരായ റോസക്കുട്ടി കുഴികുത്തിയാനിയില്‍, ചിന്നമ്മ പനന്താനം എന്നിവര്‍ ഏറ്റുവാങ്ങി. പള്ളിയങ്കണത്തില്‍ ഇടവകാംഗങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു. ഇതിന് ശേഷം മതപരമായ ചടങ്ങുകളില്ലാതെ ചിതാഭസ്മം സഹോദരന് പി.ടി. ജോര്‍ജും പി.ടി. തോമസിന്റെ മക്കളായ വിഷ്ണുവും വിവേകും ചേര്‍ന്ന് കുടുംബക്കല്ലറയില്‍ അടക്കം ചെയ്തു. ചടങ്ങ് അച്ചടക്കവും ക്രൈസ്തവവികാരം വ്രണപ്പെടാതെയും നടത്തണമെന്ന് ഇടുക്കി രൂപത നല്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് പൂര്‍ത്തിയാക്കിയത്.