
രണ്ട് വര്‍ഷത്തിലേറെയായി മൊറോക്കോയിലെ പ്രശസ്തമായ ഹസന് സര്‍വകലാശാലയിലെ കുട്ടികള്‍ നടത്തിയ പോരാട്ടം ഫലം കണ്ടിരിക്കെയാണ്. അധ്യാപകര്‍ക്കെതിരായ മീടു മുന്നേറ്റത്തിനാണ് ഒടുവില്‍ ഫലം കണ്ടത്. പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് നല്കാന് സെക്സ് വേണമെന്ന് പെണ്‍കുട്ടികളോട് ആവശ്യപ്പെട്ട സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനെ കോടതി രണ്ടു വര്‍ഷം തടവിനു ശിക്ഷിയ്ക്കുകയായിരുന്നു. രണ്ടു വര്‍ഷത്തിലേറെ ഇന്‍സ്റ്റഗ്രാമിലൂടെ ഒരു സംഘം പെണ്‍കുട്ടികള്‍ നടത്തിയ പോരാട്ടത്തിനെ തുടര്‍ന്നാണ് ഈ അധ്യാപകന് ശിക്ഷ സാധ്യമായത്.
മാത്രമല്ല, ഇതേ സര്‍വകാലാശാലയിലെ നാല് അധ്യാപകര്‍ സമാനമായ കേസില്‍ വിചാരണ നേരിട്ടു കൊണ്ടിരിക്കുകയുമാണ്. @moroccan.outlaws.940 എന്ന ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ വഴി സോണിയാ തെറാബ് എന്ന കോളജ് വിദ്യാര്‍ത്ഥിനി നടത്തിയ കാമ്പെയിനുകള്ക്കൊടുവിലാണ് കുട്ടികള്‍ക്ക് നീതി ലഭിച്ചത്. ഈ പേജിലൂടെ തങ്ങളുടെ അനുഭവം പരസ്യമായി എഴുതാന്‍ ഇവര്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെടുകയായിരുന്നു. നൂറു കണക്കിന് പെണ്‍കുട്ടികളാണ് അധ്യാപകരില്‍ നിന്നും തങ്ങള്‍ക്കുണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും പീഡനങ്ങളെക്കുറിച്ചും വെളിപ്പെടുത്തലുകള്‍ നടത്തിയത്. #MeTooUniv എന്ന ഹാഷ്ടാഗിലാണ് വെളിപ്പെടുത്തലുകള്‍ നടന്നത്.
പല വിധം പരാതികളാണ് വിദ്യാര്‍ത്ഥിനികള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മാര്‍ക്ക് കൂട്ടി നല്കാന് സെക്സ് വേണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ അയച്ച മെസേജുകള്‍ അവര്‍ പുറത്തുവിട്ടു. അധ്യാപകരുടെ ആവശ്യങ്ങള്‍ നിരസിച്ചതിന്റെ പേരില്‍ തോല്‍പ്പിക്കപ്പെട്ട അനുഭവവും പലരും എഴുതി. ഓരോ പേപ്പറിനും ഓരോ തവണ ഓറല്‍ സെക്സ് ചെയ്യണം എന്നാവശ്യപ്പെട്ട് ഒരു അധ്യാപകന് അയച്ച മെസേജും പുറത്തു വന്നു. അവകാശം എന്ന നിലയിലാണ് അധ്യാപകര്‍ വിദ്യാര്‍ത്ഥിനികളോട് ശരീരം ആവശ്യപ്പെടുന്നതെന്നും നിരസിച്ചാല്‍ കുട്ടികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ ഉണ്ടാവുന്നുവെന്നും കാമ്പെയിനിന് നേതൃത്വം നല്കിയ സാറാ ബിന്‍ മൂസ വൈസ് ന്യൂസിനോട് പറഞ്ഞു.






