
തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത്തിനിടെ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ചേരും. ഓണ്‍ലൈന്‍, ഓഫ്ലൈന് ക്ലാസുകളുടെ നടത്തിപ്പ്, അധ്യാപകരുടെ ഹാജര്‍, കുട്ടികളുടെ വാക്സിനേഷന്റെ പുരോഗതി, പരീക്ഷാ നടത്തിപ്പ് തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ ഡിഡി, ആര്‍ഡിഡി, എഡി തലത്തിലെ ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഇന്ന് 49,771 പേര്‍ക്കാണ് കോവിഡ്19 സ്ഥിരീകരിച്ചത്. പുതിയ സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവര്‍ത്തനം എങ്ങനെ മുന്നോട്ടുപോകണമെന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം യോാഗത്തില്‍ ഉണ്ടായേക്കും. ഓണ്‍ലൈന്‍ പഠനം ക്രമീകരിക്കുന്നത് സംബന്ധിച്ചും തീരുമാനങ്ങള്‍ ഇന്നുണ്ടാവും. നേരത്തെ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാവില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരിച്ചിരുന്നു.
ഇനിയും പൂര്‍ണമായി അടച്ചിടലിലേക്ക് നമുക്ക് പോകാന്‍ കഴിയില്ല. അത് ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. അത്തരത്തിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല. സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ളവര്‍ക്ക് 100 ശതമാനം പേര് ആദ്യ ഡോസ് വാക്സിന് എടുത്തിട്ടുണ്ട്. 84 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് നല്കി. കുട്ടികളുടെ വാക്സിനേഷന് 68 ശതമാനമായി. ഭയവും ആശങ്കയും വേണ്ട നമ്മള് കോവിഡിനെ അതിജീവിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.






