
ടെഹ്‌റാന്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയും ഇറാനും തമ്മില്‍ താത്കാലിക വെടിനിര്‍ത്തലിന് ധാരണയായി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ലോകത്തെ ആശ്വസിപ്പിക്കുന്ന ഈ പ്രഖ്യാപനം നടത്തിയത്. ചൈനയുടെ തന്ത്രപരമായ ഇടപെടലിലൂടെയും പാകിസ്താന്റെ മധ്യസ്ഥതയിലുമാണ് ഈ സമാധാന നീക്കം സാധ്യമായത്.
പാകിസ്താനും ചൈനയും മുന്നോട്ടുവെച്ച പത്ത് കാര്യങ്ങളടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പ്രായോഗികമാണെന്ന് ട്രംപ് വിലയിരുത്തി. ആഗോള വിപണിയെ ബാധിച്ച കപ്പല്‍ ഗതാഗത തടസ്സം നീങ്ങും. സുരക്ഷിതമായ ഗതാഗതം പുനരാരംഭിക്കാന്‍ ഇരുരാജ്യങ്ങളും സമ്മതിച്ചു. സമാധാന ശ്രമങ്ങളുടെ തുടര്‍ച്ചയായി വരുന്ന വെള്ളിയാഴ്ച പാകിസ്താന്‍ തലസ്ഥാനമായ ഇസ്ലാമബാദില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തും. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി കരാറിന് ഔദ്യോഗികമായി പച്ചക്കൊടി കാട്ടി.
അടുത്ത രണ്ടാഴ്ചത്തേക്ക് കപ്പലുകള്‍ക്ക് സുരക്ഷിതമായ പാതയൊരുക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ഉറപ്പുനല്‍കി. എന്നാല്‍, യുദ്ധസമാനമായ സാഹചര്യത്തില്‍ ഇറാന്‍ ഈടാക്കിയിരുന്ന ഉയര്‍ന്ന ട്രാന്‍സിറ്റ് ഫീസ് കുറയ്ക്കുമോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. വെടിനിര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതോടെ ആഗോള വിപണിയില്‍ എണ്ണവിലയില്‍ കുറവുണ്ടായി. ബ്രെന്റ് ക്രൂഡ് വില ബാരലിന് 92 ഡോളറിലേക്ക് താഴ്ന്നു. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇസ്രായേല്‍ വെടിനിര്‍ത്തലിനോട് സഹകരിക്കാന്‍ തയ്യാറായെങ്കിലും അതൃപ്തി പുകയുകയാണ്. ഇറാന്റെ സൈനിക താവളങ്ങള്‍ ഇപ്പോഴും തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളാണെന്ന് ഇസ്രായേല്‍ സൂചിപ്പിക്കുന്നു.
മുന്‍പ് ഇറാനെ പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്ന ട്രംപ്, ഇപ്പോള്‍ പെട്ടെന്നുണ്ടായ ഈ നയതന്ത്രപരമായ മാറ്റത്തിലൂടെ യുദ്ധം ഒഴിവാക്കാന്‍ ശ്രമിക്കുന്നത് ലോകരാജ്യങ്ങള്‍ ഉറ്റുനോക്കുകയാണ്. അതേസമയം, സൗദി അറേബ്യ, കുവൈത്ത്, യുഎഇ തുടങ്ങിയ ഇടങ്ങളില്‍ കഴിഞ്ഞ ദിവസവും ആക്രമണ ശ്രമങ്ങള്‍ ഉണ്ടായത് മേഖലയിലെ ആശങ്കകള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്നു.






