
തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ സംഭവത്തില്‍ പീഡനം നടന്നതിന് തെളിവില്ലെന്ന പോലീസ് നിലപാടിനെതിരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി. താന്‍ പീഡിപ്പിക്കപ്പെട്ട സ്ഥലങ്ങളെല്ലാം ഒരു ഇര ഓര്‍ത്തു വയ്ക്കണോ എന്ന് ഭാഗ്യലക്ഷ്മി ചോദിച്ചു. എന്ത് ക്രുരതയാണ് ഇവര്‍ സംസാരിക്കുന്നത് ഒരു പെണ്‍കുട്ടിയെ പിടിച്ച് വലിച്ച് വണ്ടിയില്‍ കയറ്റി പീഡിപ്പിക്കുകയാണ് ചെയ്തത്. എല്ലാ തെളിവുകളും നല്കിയാല് അന്വേഷിക്കാം എന്നാണ് നിലപാടെങ്കില്‍ പിന്നെ എന്തിനാണ് പോലീസിന്റെ ആവശ്യമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു.
പ്രതികളെ ചോദ്യം ചെയ്യുക പോലും ചെയ്യാതെയാണ് തെളിവില്ലെന്ന് പോലീസ് പറയുന്നത്. ഈ അന്വേഷണ സംഘത്തില്‍ തനിക്ക് വിശ്വാസമില്ല. എന്നാല്‍ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്്. ദേശീയ വനിതാ കമ്മീഷനും മജിസ്ട്രേറ്റും യുവതിയുടെ മൊഴി എടുത്തിട്ടുണ്ട്. അതിലാണ് ഇനി പ്രതീക്ഷയെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
ഭര്‍തൃമതിയായ യുവതിയെ സി.പി.എം നേതാവ് ജയന്തന്റെ നേതൃത്വത്തിലുള്ള സംഘം പീഡിപ്പിച്ചുവെന്നാണ് ആരോപണം. രണ്ട് വര്‍ഷം മുന്‍പാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. ഇരയായ യുവതിയുടെ ദുരവസ്ഥ ഭാഗ്യലക്ഷ്മി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്. പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും പിന്നീട് ഭാഗ്യലക്ഷ്മിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി ആരോപണം ആവര്‍ത്തിച്ചിരുന്നു.






