ഏല്ലാവരുടേയും സ്വപ്‌നമാണ് സൗകര്യങ്ങളോടു കൂടിയ ഒരു വീട് സ്വന്തമാക്കണമെന്നുള്ളത്. ഈസ്റ്റ് ലണ്ടന്‍ സ്വദേശികളായ ബെന്നിനും കുടുംബത്തിനും ഈ സ്വപ്‌നം തന്നെയായിരുന്നു. ആരും കൊതിയ്ക്കുന്ന ഈ സ്വപ്‌നം ഒരു ലോട്ടറിലൂടെ സ്വന്തമായ സന്തോഷത്തിലാണ് ഇപ്പോള്‍ ഇവര്‍. ബെന്‍ ഭാഗ്യക്കുറി സ്ഥിരമായി എടുക്കുന്ന വ്യക്തിയാണ്. അന്ന് ഭാഗ്യക്കുറി എടുക്കാന്‍ ബെന്‍ മറന്നപ്പോള്‍ ഭാര്യ ബെക്ക തന്നെ ടിക്കറ്റുകള്‍ വാങ്ങുകയായിരുന്നു.
വീടെന്ന സ്വപ്‌നം എന്നെങ്കിലും സംഭവിയ്ക്കും എന്ന വിശ്വാസത്തോടെയായിരുന്നു ഇവര്‍ ബെന്‍ ഒമേസ് മില്യന്‍ പൗണ്ട് ഹൗസ് നറുക്കെടുപ്പിന്റെ ടിക്കറ്റുകള്‍ വാങ്ങി തുടങ്ങിയത്. കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കുന്ന ടിക്കറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ആള്‍ക്ക് കോടികള്‍ വിലമതിക്കുന്ന വീടുകളാണ് നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കുന്നത്. എന്നാല്‍ കഴിഞ്ഞ മാസത്തെ നറുക്കെടുപ്പിന്റെ കാര്യം ബെന്‍ മറന്നു പോയിരുന്നു. ഇത്തവണ സമ്മാനമായി ലഭിക്കുന്ന വീടിന്റെ ചിത്രം ടെലിവിഷനില്‍ കണ്ടപ്പോഴാണ് ബെക്ക ഇക്കാര്യം ഓര്‍ത്തത്.
പത്ത് പൗണ്ടിന് (1021 രൂപ) ടിക്കറ്റുകള്‍ സ്വന്തമാക്കിയ ഇവര്‍ നറുക്കെടുപ്പ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു. കാരണം ബെര്‍ക്ഷയറിലെ ക്വീന്‍സ് ഹില്ലില്‍ സ്ഥിതിചെയ്യുന്ന 4.75 മില്യന്‍ (35 കോടി രൂപ) വില വരുന്ന വമ്പന്‍ ബംഗ്ലാവാണ് ബെക്ക നറുക്കെടുപ്പിലൂടെ സ്വന്തമാക്കിയത്. തീര്‍ന്നില്ല, ഉടമസ്ഥാവകാശം ലഭിക്കാനുള്ള നിയമപരമായ ഫീസുകളും നികുതിയും എല്ലാം അടച്ച നിലയിലാണ് ബംഗ്ലാവ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇവിടേക്ക് താമസം മാറാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 27, 100 ഡോളറും(20 ലക്ഷം രൂപ ) ഇവര്‍ക്ക് ലഭിച്ചു.
വെള്ളനിറത്തില്‍ മനോഹരമായ ബംഗ്ലാവില്‍ അഞ്ച് കിടപ്പുമുറികളും നാല് ബാത്ത്‌റൂമുകളുമുണ്ട്. അത്യാധുനിക സൗകര്യങ്ങളാണ് ബംഗ്ലാവില്‍ ഒരുക്കിയിരിക്കുന്നത്. മകളുടെ ജനനശേഷം കുറച്ചു കൂടി സൗകര്യമുള്ള വീട് എന്ന സ്വപ്നം കണ്ടിരുന്നെങ്കിലും അവളുടെ ഒന്നാം പിറന്നാള്‍ ഇത്തരത്തില്‍ ഒരു രാജകീയ ബംഗ്ലാവില്‍ ആഘോഷിക്കാന്‍ സാധിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ബെക്ക പറയുന്നു.






