
ബെംഗളൂരു: അപൂര്‍വരോഗം ബാധിച്ചു ചികിത്സയിലായിരുന്ന 11 വയസ്സുകാരന്റെ രക്ഷകനായി ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍. വളര്‍ന്നുവരുന്ന ക്രിക്കറ്റര്‍ കൂടിയായ വരദ് നലവാദെ എന്ന കുട്ടിയുടെ അടിയന്തര ബോണ്‍ മാരോ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ തുകയായ 35 ലക്ഷം രൂപയില്‍ 31 ലക്ഷവും കെ.എല്‍. രാഹുല്‍ സംഭാവനയായി നല്കി.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കുട്ടിയുടെ ചികിത്സയ്ക്കായി മാതാപിതാക്കള്‍ അക്കൗണ്ട് രൂപീകരിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും കാരുണ്യമതികളുടെ സഹായം അഭ്യര്‍ഥിച്ചു തുടങ്ങിയത്. ഇതു രാഹുലിന്റെ ശ്രദ്ധയില്‍പ്പെട്ടതാണു വഴിത്തിരിവായത്. 5-ാം ക്ലാസ് വിദ്യാര്‍ഥിയായ വരദ്, കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വ രോഗമായിരുന്നു കുട്ടിക്ക്. രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ അളവ് ക്രമാതീതമായി കുറഞ്ഞതുമൂലം വരദിന്റെ രോഗ പ്രതിരോധ ശക്തിയും വളരെ കുറവായിരുന്നു. ചെറിയ പനിപോലും സുഖപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവന്നിരുന്നു. ശസ്ത്രക്രിയയ്ക്കു വിധേയനായ വരദ് സുഖം പ്രാപിച്ചുവരുന്നു.
ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതില്‍ അതിയായ സന്തോഷമുണ്ട്. കുട്ടി സുഖമായിരിക്കുന്നു. വളരെ വേഗം കളിക്കളത്തിലേക്കു മടങ്ങിയെത്തി സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അവനു സാധിക്കട്ടെ. എന്റെ ഈ സംഭാവനയില്‍നിന്നു പ്രചോദനം ഉള്‍ക്കൊണ്ട്, ആവശ്യക്കാര്‍ക്കു സഹായം എത്തിച്ചു നല്‍കുന്നതിനായി കൂടുതല്‍പേര്‍ മുന്നിട്ടിറങ്ങട്ടെ'- കെ.എല്‍. രാഹുല്‍ പ്രതികരിച്ചു.






