കീവ്: യുക്രൈനില്‍ റഷ്യന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. ഹര്‍കീവില്‍ റഷ്യന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിലാണ് വിദ്യാര്‍ത്ഥിയായ കര്‍ണാടക സ്വദേശി എസ്.ജി നവീന്‍ കുമാറാണ് (21) മരിച്ചത്. ട്രെയിനില്‍ കയറാന്‍ പോകുന്നതിനിടെയാണ് ആക്രമണം നടക്കുന്നത്. ഹര്‍കീവ് നാഷണല്‍ മെഡിക്കല്‍ സര്‍വകലാശാലയില്‍ നാലാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്.
യുക്രൈന് സമയം രാവിലെയാണ് ആക്രമണം. നവീന്റെ കുടുംബത്തെ സര്‍ക്കാര്‍ വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കണമെന്ന് മന്ത്രാലയം എം.പിമാര്‍ക്ക് നിര്‍ദേശം നല്കി.
കേന്ദ്ര വിദേശകാര്യ സെക്രട്ടറി റഷ്യന്‍, യുക്രൈന് സ്ഥാനപതിമാരുമായി ചര്‍ച്ച നടത്തി. സംഘര്‍ഷ ബാധിത മേഖലയില്‍ നിന്നും ഇന്ത്യക്കാരെ സുരക്ഷിത കേന്ദ്രത്തിലേ്ക്ക് മാറ്റാന്‍ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
ഹര്‍കീവിലെ സെന്‍ട്രല്‍ സ്ക്വയറിനു നേര്‍ക്കാണ് റഷ്യ ഷെല്ലാക്രമണം നടത്തിയതെന്ന് മേഖല ഗവര്‍ണര്‍ ഒലെഗ് സിനെഗുബോവ് പറഞ്ഞു.
കീവില്‍ നിന്നും ഇന്ത്യക്കാര്‍ എത്രയും വേഗം ഒഴിഞ്ഞുപോകാന്‍ ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ട്രെയിനുകള്‍ അടക്കം സാധ്യമായ ഗതാഗത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അതിര്‍ത്തിയിലേക്ക് പോകാനാണ് നിര്‍ദേശം നല്‍കിയത്. റഷ്യന്‍ സേന കീവ് ലക്ഷ്യമിട്ട് നീങ്ങുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ഇപ്പോഴും 16,000 ഓളം വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. എല്ലാവരും തന്നെ ബങ്കറുകളിലും മെട്രോ സ്റ്റേഷനുകളിലും ബോംബ് ഷെല്‍ട്ടറുകളിലുമാണ് കഴിയുന്നത്. 8000 ഓളം പൗരന്മാര് സംഘര്‍ഷത്തിനിടെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് വന്നിരുന്നു.
യുക്രൈനെതിരെ അഞ്ച് ദിവസത്തിനുള്ളില്‍ 56 മിസൈലുകള്‍ റഷ്യ പ്രയോഗിച്ചു. 113 ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചതായി പ്രസിഡന്റ് വ്ളോദിമീര്‍ സെലെന്‍സ്കി പറഞ്ഞു.






