
പന്തിനെ പമ്പരം പോലെ ചുഴറ്റി തിരിക്കുന്ന ഷെയ്ൻ വോൺ വിദ്യയ്ക്ക് കേരളവും ഒരിക്കൽ സാക്ഷ്യം വഹിച്ചിട്ടുണ്ട്. കൊച്ചി ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര ഏകദിന മത്സരത്തിലായിരുന്നു അത്. സ്പിന്നേഴ്സിനെ വാരിപ്പുണർന്ന ആ പിച്ചിൽ പക്ഷേ കേരളം അന്നു സാക്ഷ്യം വഹിച്ചതു വോൺ മാജിക്കല്ല, വോണിന്റെ ഒത്ത എതിരാളിയായിരുന്ന സച്ചിൻ തെൻഡുൽക്കറുടെ അപ്രതീക്ഷിത ബോളിങ് മാജിക് ആയിരുന്നു! 10 ഓവറിൽ 32 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് കൊയ്ത സച്ചിനാണ് അന്ന് ഓസ്ട്രേലിയയെ തകർത്തത്.
1998 ഏപ്രിൽ ഒന്നിന് ആയിരുന്നു കൊച്ചിയിലെ ആ മത്സരം. തൊണ്ണൂറായിരത്തോളം കാണികളുടെ ആവേശക്കോട്ടയ്ക്കു നടുവിലായിരുന്നു മത്സരം. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. പാതി മലയാളിയായ അജയ് ജഡേജയുടെ സെഞ്ചുറിയുടെയും (105) ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീന്റെ അർധ സെഞ്ചുറിയുടെയും (82) കരുത്തിൽ ഇന്ത്യ 5ന് 309 എന്ന കൂറ്റൻ സ്കോർ ഉയർത്തി. 10 ഓവറിൽ 42 റൺസ് വഴങ്ങിയ ഷെയ്ൻ വോണിനു വിക്കറ്റൊന്നും നേടാനായില്ല.
അതേ പിച്ചിലാണ് ക്യാപ്റ്റൻ സ്റ്റീവ് വോയും മൈക്കൽ ബെവനും ഡാരൻ ലേമാനും ഉൾപ്പെടെ അഞ്ചു പേരെ തുടർച്ചയായി വീഴ്ത്തി സച്ചിൻ അത്ഭുതം സൃഷ്ടിച്ചത്. 6 പന്ത് നേരിട്ട് കുംബ്ലെയുടെ പന്തിൽ ഡക്ക് ആവുകയായിരുന്നു വോൺ. 45.5 ഓവറിൽ 268 റൺസിന് ഓസ്ട്രേലിയ ഓൾഔട്ടായി. സച്ചിൻ തന്നെയായിരുന്നു കളിയിലെ കേമൻ.


