സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞാന്‍ ഒരു അനാഥനായതുപോലെയുള്ള ഫീലിംഗാണ് അനുഭവപ്പെടുന്നതെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി. ഓര്‍മ്മവെച്ച നാള് മുതല്‍ തന്നെ പണക്കാടിന്റെ അയല്‍വാസി എന്ന നിലക്ക് കൊടപ്പനക്കലും പാണക്കാട് തറവാടുമായുമൊക്കെ വളരെയേറെ അടുത്ത് ബന്ധപ്പെടാനും ജീവിതത്തിന്റെ ഭാഗമാവാനുമൊക്കെയുള്ള അവസരം ഉണ്ടായിട്ടുണ്ട്.
എന്റെ പിതാവ് പൂക്കോയതങ്ങളുടെ സന്തത സഹചാരിയായിരുന്നു അദ്ദേഹം. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായും ആ ബന്ധമുണ്ടായിരുന്നു. പിതാവ് വിദേശത്ത് നിന്ന് വരുമ്പോഴൊക്കെ പാണക്കാട്ട് വല്ല്യുമ്മാന്റെ കൂടെ പോവും. ആറ്റാക്കയുമായി അന്ന് തന്നെ സ്നേഹ ബന്ധമായിരുന്നു. കൊടപ്പനക്കലെ ആ പഴയ തറവാട്ടുവീട്ടില്‍ മദ്രസയിലും സ്കൂളിലുമൊക്കെ പരീക്ഷയുണ്ടാവുമ്പോള് തങ്ങളുടെ അടുത്ത് പോയി പറയുമായിരുന്നു. എല്ലാ സന്തോഷവും സങ്കടവും ആറ്റാക്കാനോടാണ് പറയുക.ഒരു പിതാവ് എന്നത് പോലെ, ഒരു ബാപ്പ മകനില്‍ നിന്ന് കേള്‍ക്കുന്നത് പോലെത്തന്നെ കേള്‍ക്കുമായിരുന്നു. വീട്ടില്‍ പുതിയ പൂവുണ്ടായാല്‍... നമുക്കാരെങ്കിലും ഒരു സമ്മാനം തന്നാല്‍ ആറ്റാക്കാനോട് പോയി പറയും...അങ്ങനെ എല്ലാ കാര്യവും പോയി പറയുമായിരുന്നു.. മനസ്സില്‍ എന്ത് വിഷമമുണ്ടെങ്കിലും പോയി പറയുന്നതും തങ്ങളോട് തന്നെ. എല്ലാ കാര്യവും അദ്ദേഹം കേള്‍ക്കുകയും വല്ലാത്ത വാത്സല്യം കാണിക്കുകയും ചെയ്യും. സ്വന്തം പ്രവര്‍ത്തകരെ മക്കളെ പോലെ സ്നേഹിച്ച മറ്റൊരു നേതാവ് ഉണ്ടാവില്ല.
ഞാനാദ്യമായി കപ്പല്‍ യാത്ര നടത്തിയത് ആറ്റാക്കാന്റെ കൂടെയാണ്. സൗദിയിലും ബഹ്റൈനിലും ഖത്തറിലുമൊക്കെ അദ്ദേഹത്തിന്റെ കൂടെ നടത്തിയ വിദേശ യാത്രകള്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തതാണ്. സൗദിയില്‍ ജിസാനില്‍ ആറ്റാക്കാന്റെ കൂടെയായിരുന്നു ഞങ്ങള്‍ താമസിച്ചത്. സുബ്ഹിക്ക് മുന്‍പ് എണീറ്റ് ഖുര്‍ആന്‍ ഓതി ബാങ്കിനായി കാത്തിരുന്ന്, ജമാഅത്തായി നിസ്കരിച്ച് അവിടുത്തെ പ്രോഗ്രാമുകളില്‍ ഒക്കെ പങ്കെടുത്തത് വല്ലാത്തൊരു അനുഭൂതിയായിരുന്നു. ജിസാനില്‍ നിന്ന് ഫുര്‍സാന്‍ ദ്വീപിലേക്ക് നടത്തിയ കപ്പല്‍ യാത്ര, ആ യാത്രയില്‍ അദ്ദേഹത്തിന്റെ സഹയാത്രികന് ആകാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ സൗഭാഗ്യങ്ങളില്‍ ഒന്നാണ്. കെ പി മുഹമ്മദ് കുട്ടി സാഹിബ്, ഗഫൂര്‍ സാഹിബ് തുടങ്ങിയ കെഎംസിസി നേതാക്കളും അറ്റാക്കയുടെയും കെ പി മുഹമ്മദ് കുട്ടി സാഹിബിന്റെയും ഭാര്യമാരും ഞങ്ങളുടെ കൂടെയുണ്ട്. കടപ്പുറത്ത് എത്തിയപ്പോള്‍ എല്ലാവര്ക്കും കുളിക്കണം എന്നൊരു മോഹം. ചിലരൊക്കെ അതിനുള്ള മുന്നൊരുക്കത്തോടെയാണ് വന്നിട്ടുള്ളതും. പക്ഷെ ആറ്റാക്ക കൂടെയുള്ളത് കൊണ്ട് ഒരു മടി. അവസാനം ഞാനാണ് കാര്യം അവതരിപ്പിച്ചത്. ഉടന്‍ തന്നെ തങ്ങള്‍ വേഷം മാറി കടലിലിറങ്ങി മറ്റുള്ളവരോടൊപ്പം കുളിക്കാന്‍ തയ്യാറായി. അങ്ങകലെ യമനിന്റെ ബോര്‍ഡര്‍ കണ്ടപ്പോള്‍ ബീത്താത്തയുടെ ഒരു കമന്റുണ്ട്. ആറ്റാക്കയെ മുറുക്കിപ്പിടിച്ചോളി. യമനിലെ തറവാട് തേടി അങ്ങോട്ടെങ്ങാനും പാേയിക്കളയും.
ജിസാനിലെ മത്സ്യവിഭവങ്ങള്‍ പ്രശസ്തമാണ്. അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഒരു മത്സ്യത്തെ തങ്ങള്‍ക്ക് ഭക്ഷിക്കാന്‍ കൊണ്ട് വന്നപ്പോള്‍ കൂടെയുള്ളവരെയും പ്രിയപത്നിയെയും ഭക്ഷിപ്പിക്കാന്‍ കാണിച്ച കരുതല്‍ അത്ഭുതപ്പെടുത്തുന്നതായിരുന്നു. ആ കാരുണ്യവും കരുതലും തന്റെ സമുദായത്തിനോട് സദാ സമയവും പ്രകടിപ്പിച്ച രക്ഷിതാവായിരുന്നു സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍.
ആത്മീയതയുടെ ഉന്നതമായ വിതാനത്തിലിരുന്ന് മഹാനായ തങ്ങള്‍ എല്ലാ കാര്യത്തിലും നമ്മളോട് സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്. ഇങ്ങനെ എന്നെ സ്വാധീനിച്ച ഒരാള്‍ വേറെ ഉണ്ടായിട്ടില്ല. എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ ഒരു ധൈര്യമായിരുന്നു. മറ്റ് നേതാക്കളോട് നമ്മുടെ വ്യക്തിപരമായ കാര്യങ്ങള്‍ പറയാന്‍ പരിമിതികള്‍ ഉണ്ടായിരുന്നു. പക്ഷെ ആറ്റാക്കാനോട് എല്ലാ കാര്യങ്ങളും ഒരു മറയും കൂടാതെ പറയാന്‍ പറ്റിയിരുന്നു..മനോഹരമായി പുഞ്ചിരിച്ച് അതിന് പരിഹാരം ഉണ്ടാക്കിത്തരും. . 2010 ല്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായ സമയത്ത് തങ്ങളെ പോയി കണ്ടപ്പോള്‍ ഭാഷാ സ്മാരകത്തിന്റെ പണി പൂര്‍ത്തിയാക്കണം എന്ന് പറയുകയും സാമ്പത്തീക ബുദ്ധിമുട്ട് വന്നപ്പോഴൊക്കെ അത് പരിഹരിക്കാന്‍ കൂടെ നില്‍ക്കുകയും ചെയ്തു അന്ന് ജില്ലായൂത്ത് ലീഗ് നടത്തിയ യുവജന ജാഥയുടെ ഉല്‍ഘാടനം മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നതങ്ള് തികച്ചും ഞ്ഞങ്ങളെ പോലുള്ള വരെ അനാധമാക്കിയാണ് പടച്ചവനിലേക്ക് പോയത് പക്ഷെ ഇനി ആരുമില്ലാതെയായി..അനാഥനായിപ്പോയി...
-നൗഷാദ് മണ്ണിശ്ശേരി