
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതിന് രണ്ടു മണിക്കൂറോളം മുന്‍പ് ഉഴിച്ചിലിനായി നാലു യുവതികള്‍ അദ്ദേഹം താമസിച്ചിരുന്ന വില്ലയിലെത്തിയിരുന്നതായി വെളിപ്പെടുത്തല്‍. തായ്ലാന്ഡ് പോലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നാലു യുവതികള്‍ വോണും സുഹൃത്തുക്കളും താമസിച്ചിരുന്ന വില്ലയിലെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇവരാണ് വേണിനെ ഏറ്റവും ഒടുവില്‍ ജീവനോടെ കണ്ടതെന്നാണ് പോലീസിന്റെ നിഗമനം. അതേസമയം വോണിന്റെ മരണത്തില്‍ ദുരൂഹതയൊന്നുമില്ലെന്ന് തായ്ലാന്ഡ് പോലീസ് വ്യക്തമാക്കി.
വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം ഉച്ചയ്ക്ക് 1.53 നാണ് നാലു യുവതികള്‍ വില്ലയിലേക്ക് എത്തിയതെന്നാണ് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതില്‍ രണ്ടു യുവതികള്‍ വോണ്‍ താമസിച്ചിരുന്ന മുറിയിലേക്ക് ഉഴിച്ചിലിനായി പോയി. എതാണ്ട രണ്ടു മണിക്കുറോളം സമയം അവിടെ ചെലവഴിച്ച ഈ യുവതികള്‍ 2.58 നാണ് പുറത്തുപോയതെന്നും സിസിടിവി ദൃശ്യങ്ങളെ ഉദ്ധരിച്ച് പോലീസ് വിശദീകരിക്കുന്നു. ഇവര്‍ വില്ല വിട്ടമശഷം ഏതാണ്ട് രണ്ടേകാല്‍ മണിക്കൂറിനു ശേഷമാണ് വോണിനെ സഒഹൃത്തുക്കള് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ സാഹചര്യത്തിലാണ് ഉഴിച്ചിലിനായി എത്തിയ യുവതികളാണ് വോണിനെ ഏറ്റവുമൊടുവില്‍ ജീവനോടെ കണ്ടതെന്ന് പോലീസ് അനുമാനിക്കുന്നത്. അതേസമയം, വോണിന്റെ മരണത്തില്‍ എന്തെങ്കിലും വിധത്തിലുള്ള ദുരൂഹത ഉണ്ടാകാനുള്ള സാധ്യത തായ്ലന്ഡ് പോലീസ് തളളിക്കളഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും വോണിന്റെ മരണം സ്വാഭാവികമായ കാരണങ്ങളാലാണെന്ന് വ്യക്തമായിരുന്നു.
അതേസമയം, ഷെയ്ന് വോണിന്റെ മൃതദേഹം ഇന്നലെ ജന്മനാട്ടിലെത്തിച്ചു. ബാങ്കോക്കില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ രാത്രിയോടെയാണ് മൃതദേഹം മെല്‍ബണിലെ വിമാനത്താവളത്തിലെത്തിച്ചത്. വോണിന്റെ സുഹൃത്തുക്കളും ആരാധകരുമടക്കം ഒട്ടേറെപ്പേര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. തായ്ലന്ഡില് മരിച്ച നിലയില്‍ കണ്ടെത്തി ആറു ദിവസം പിന്നിടുമ്പോഴാണ് വോണിന്റെ മൃതദേഹം നാട്ടിലെത്തിച്ചത്. ഓസ്ട്രേലിയന്‍ പതാക പുതപ്പിച്ച മൃതദേഹം ബാങ്കോക്കില്‍നിന്ന് എട്ടു മണിക്കൂര്‍ യാത്രയ്ക്കൊടുവിലാണ് മെല്‍ബണ്‍ വിമാനത്താവളത്തിലെത്തിച്ചത്.


