
ഗുരുഗ്രാം: മുന്‍ റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവ, മുന്‍ ഫോര്‍മുല വണ്‍ ചാമ്പ്യന്‍ മൈക്കിള്‍ ഷൂമാക്കര്‍ എന്നിവരടക്കം 11 പേര്‍ക്കെതിരേ ഹരിയാനിലെ ഗുരുഗ്രാമില്‍ കേസ്. വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ സ്ത്രീയുടെ പരാതിയിലാണ് ഇവര്‍ക്കെതിരേ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ചത്തര്‍പുര്‍, മിനിഫാമില് താമസിക്കുന്ന ഷഫാലി അഗര്‍വാള്‍ എന്ന സ്ത്രീയാണ് പരാതിക്കാരി.
ഷറപ്പോവയുടെ പേരിലുള്ള ഒരു പ്രോജക്റ്റില്‍ താന്‍ അപ്പാര്‍ട്ട്മെന്റ് ബുക്ക് ചെയ്തതായി അവര്‍ പരാതിയില്‍ പറയുന്നു. പ്രോജക്ടിലെ ഒരു ടവറിന് ഷൂമാക്കറുടെ പേരാണ് നല്‍കിയിരുന്നത്. 2016-ല്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും പൂര്‍ത്തിയായില്ലെന്നും പരാതിയില്‍ അവര്‍ ആരോപിക്കുന്നു. അന്തരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഈ സെലിബ്രിറ്റികള്‍ പദ്ധതിയുടെ പരസ്യത്തിലൂടെയും മറ്റും തട്ടിപ്പിന്റെ ഭാഗമായെന്നും ഷഫാലി പരാതിയില്‍ പറയുന്നു.
നേരത്തെ, റിയല്‍ടെക്ക് ഡെവലപ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ്, മരിയ ഷറപ്പോവ, ഷൂമാക്കര്‍ തുടങ്ങിയവര്‍ക്കെതിരേ ഷഫാലി ഗുരുഗ്രാം കോടതിയില്‍ പരാതി നല്‍കിയിരുന്നു. അപ്പാര്‍ട്ട്മെന്റ് ബുക്ക് ചെയ്തിട്ടും നല്‍കാതെ 80 ലക്ഷം രൂപ തട്ടിയെന്നായിരുന്നു പരാതി. ഗരുഗ്രാമിലെ സെക്ടര്‍ 73-ല്‍ ഷറപ്പോവയുടെ പേരിലുള്ള പ്രോജക്റ്റില്‍ താനും ഭര്‍ത്താവും ഒരു അപ്പാര്‍ട്ട്മെന്റ് ബുക്ക് ചെയ്തുവെന്നും എന്നാല്‍ നിര്‍മ്മാണ കമ്പനി ഒരിക്കലും നടക്കാത്ത ഒരു പ്രോജക്ടില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പരസ്യങ്ങളിലൂടെയാണ് പദ്ധതിയെക്കുറിച്ച് അറിഞ്ഞതെന്നും പ്രോജക്ടിന്റെ ചിത്രങ്ങളും നിരവധി വ്യാജ വാഗ്ദാനങ്ങളും നല്‍കിയാണ് കമ്പനി സമീപിച്ചതെന്നും അവര്‍ പരാതിയില്‍ പറഞ്ഞു. പദ്ധതിയുടെ പ്രമോട്ടര്‍മാര്‍ എന്ന നിലയില്‍ ഷറപ്പോവയും ഷൂമാക്കറും ഗൂഢാലോചന നടത്തിയെന്നും പദ്ധതി പ്രദേശം സന്ദര്‍ശിച്ച ഷറപ്പോവ, ടെന്നിസ് അക്കാദമിയും സ്പോട്സ് സ്റ്റോറും തുറക്കുമെന്ന് വാഗ്ദാനം ചെയ്തതായും പരാതിയില്‍ പറഞ്ഞിരുന്നു.



