
ലണ്ടന്‍: യുക്രൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മാതൃത്വ ഡോക്ടര്‍ക്ക് 71.4 ദശലക്ഷം (7 കോടി ) ശോളോവേഴ്സുളള ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൈമാറി മുന്‍ ഇംഗ്ലീഷ് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാം.
റഷ്യന്‍ അധിനിവേശം തകര്‍ത്തെറിഞ്ഞ യുക്രൈനിലെ അമ്മമാരുടെ ദുരിതത്തെക്കുറിച്ചുളള ബാധവല്ക്കരണത്തിനായാണ് ബെക്കാം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഡോക്ടര്‍ ഇരിനയ്ക്കു കൈമാറിയത്.
യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കിവിലെ റീജനല്‍ പെരിനേറ്റല്‍ സെന്ററിന്റെ മേധാവിയാണു ഡോക്ടര്‍ ഇരിന. റഷ്യന്‍ സേന കനത്ത നാശം വിതച്ച ഖാര്‍കിവിലെ നഗരവാസികളില്‍ പലരും ഭൂഗര്‍ഭ ട്രെയിന്‍ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് അക്കൗണ്ട് കൈമാറ്റത്തിന്റെ കാര്യം ബെക്കാം ആരാധകരെ അറിയിച്ചത്. ‘എന്റെ സമൂഹ മാധ്യമ ചാനലുകള്‍ ഡോക്ടര്‍ ഇരിനയ്ക്കു കൈമാറുകയാണ്. യുക്രൈനിലെ അമ്മമാര്‍ക്കു പ്രസവസംബന്ധ സഹായം നല്‍കുകയാണ് ഇരിന. യുക്രൈനിലെ ജനങ്ങള്‍ക്കായുള്ള ഇരിനയുടെ സന്നദ്ധ സേവനങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നതിന് എന്റെ ചാനലുകള്‍ തുടര്‍ന്നും ഫോളോ ചെയ്യുക. യുണിസെഫിനും ഡോക്ടര്‍ ഇരിനയ്ക്കും നിങ്ങളാല്‍ കഴിയുംവിധമുള്ള സഹായങ്ങള്‍ എത്തിച്ചു നല്കാന് ശ്രമിക്കുക’. വീഡിയോ പങ്കുവച്ചതിനു പിന്നാലെ ബെക്കാമിനു നന്ദി അറിയിച്ച് യുണിസെഫും രംഗത്തെത്തി.






