കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസ് സി.ബി.ഐയ്ക്ക് കൈമാറുന്നതില്‍ എതിര്‍പ്പറിയിച്ച് സര്‍ക്കാര്‍. അന്വേഷണം നിഷ്പക്ഷമാണെന്നും ആര്‍ക്കും പരാതിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. വധഭീഷണി ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ അത് അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുളള കാരണമാകുന്നില്ലെന്ന് സര്‍ക്കാര്‍ മറുപടി നല്കി.
നടിയെ ആക്രമിച്ച കേസില്‍ തെളിവുണ്ടാക്കലാണ് ഈ കേസിന്റെ ലക്ഷ്യമെന്ന് ദിലീപും വാദിച്ചു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്.
കേസില്‍ സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളില്‍ സംശയം പ്രകടിപ്പിച്ച് ഹൈക്കോടതി. ദിലീപിനെതിരെ ഇത്രയധികം തെളിവുകളുണ്ടായിട്ടും ബാലചന്ദ്രകുമാര്‍ എന്തുകൊണ്ടാണ് പരാതി നല്കാന് വൈകിയത് ഇപ്പോഴത്തെ നിലപാടില്‍ ബാലചന്ദ്രകുമാറിന് ദുരുദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഈ ഘട്ടത്തില്‍ അത്തരം ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് പ്രോസിക്യുഷന് ചൂണ്ടിക്കാട്ടി. കുറ്റകൃത്യ വെളിപ്പെടുന്നുണ്ടോ എന്ന മാത്രമാണ് പരിശോധിക്കേണ്ടത്. ദിലീപ് ഫോണില്‍ നിന്ന് പ്രധാന തെളിവുകള്‍ നശിപ്പിച്ചു. ഏഴ് ഫോണുകള്‍ ആവശ്യപ്പെട്ടതില്‍ ആറെണ്ണം മാത്രമാണ് ദിലീപും കൂട്ടുപ്രതികളും ഹാജരാക്കിയത്. ദിലീപും ബാലചന്ദ്ര കുമാറും ഏറെക്കാലം സുഹൃത്തുക്കളായിരുന്നുവെന്നും പ്രോസിക്യുഷന് പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.






