
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ന് സ്വർണവ്യാപാരം നടക്കുന്നത്. ഒരു പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കൂടിയത്. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില വർധിക്കുന്നത്.
ഗ്രാമിന് 4825 രൂപയും പവന് 38,600 രൂപയുമാണ് ഇന്നലെ കൂടിയത്. ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വർധനവുമാണ് ഇന്നലെയുണ്ടായത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം വ്യാഴാഴ്ച്ചയാണ് സ്വർണവില വർധിക്കുന്നത്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.
വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.






