
കൊല്ലം: രാജ്യത്ത് 500-1000 നോട്ടുകള്‍ മരവിപ്പിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്താകമാനം ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധം വ്യാപകമായിരിക്കുന്നതിന് ഇടയിലാണ് കൊല്ലം സ്വദേശി യഹിയ തികച്ചും വ്യത്യസ്തമായൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. നോട്ട് മാറാന്‍ ബാങ്കിലെ ക്യവില്‍ നിന്ന് രണ്ടാം ദിനം വൈകിട്ട് തളര്‍ന്നു വീണ് ആശുപത്രിയിലായി തിരിച്ചെത്തിയ ഇദ്ദേഹം മോഡിയോടുള്ള പ്രതിഷേധമായി സമ്പാദ്യമായ 23,000 രൂപയുടെ പഴയനോട്ടുകള്‍ അടുപ്പിലിട്ട് കത്തിക്കുകയായിരുന്നു.
ഇതുകൊണ്ടും തീര്‍ന്നില്ല യഹിയയുടെ പ്രതിഷേധം. നോട്ടുകള്‍ കത്തിച്ചതിനു പിന്നാലെ ബാര്‍ബര്‍ ഷോപ്പില്‍ എത്തി തന്റെ കഷണ്ടിത്തലയുടെ പിന്‍വശത്തായി ഉണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. തന്റെ ഒരു ജന്മത്തിലെ സമ്പാദ്യം മുഴുവന്‍ ചാരമാക്കിയ മോഡിയെ ജനം എന്ന് താഴെയിറക്കുന്നുവോ അന്ന് മാത്രമേ താന്‍ ഇനി പഴയപടിയാകൂ എന്ന് ശപഥമെടുത്തിരിക്കുകയാണ് എഴുപതുകാരനായ യഹിയ.
ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് യഹിയയുടെ കുടുംബം. കൊല്ലം കടയ്ക്കലിലെ ആര്.എം.എസ് എന്ന തട്ടുകടയാണ് യഹിയയുടെ ജീവിതമാര്‍ഗ്ഗം. ഇവിടുത്തെ വെപ്പും വിളമ്പുമെല്ലാം ഒറ്റയ്ക്കായതിനാല് നൈറ്റിയാണ് വേഷം. പകലന്തിയോളം പുകയൂതി ഉണ്ടാക്കിയ സമ്പാദ്യമാണ് ഒടുവില്‍ യഹിയയ്ക്ക് അടുപ്പിലിട്ട് കത്തിക്കേണ്ടിവന്നത്.






