
റിയോ ഡീ ജെനീറോ: ക്ലബിനായി ചരിത്രം കുറിക്കാനിറങ്ങിയവര് ഓര്‍മ്മചിത്രമായി മാറിയതിന്റെ നടുക്കത്തിലാണ് ബ്രസീലിലെ ഫുട്ബോള്‍ ആരാധകര്‍. ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളെ കണ്ണീരിലാഴ്ത്തി വീണ്ടും ആകാശദുരന്തമുണ്ടായപ്പോള് ബ്രസീലിയന്‍ ഫുട്ബോള്‍ ക്ലബ് ചെപ്കോയിന്സിന്റെ ആരാധകര്‍ക്ക് അത് താങ്ങാനാകുന്നില്ല.
ചരിത്രത്തിലാദ്യമായി ലാറ്റിനമേരിക്കയുടെ ചാമ്പ്യന്‍സ് ലീഗായാണ് കോപ്പ സുഡോ അമേരിക്ക ഫൈനലിന് യോഗ്യത നേടിയ ടീമംഗങ്ങളെ യാത്രയയ്ച്ച് എത്തിയ ആരാധകര്‍ക്ക് അപകടവാര്‍ത്ത വിശ്വസിക്കാനാകുന്നില്ല. കൊളംബിയിലേക്കു പുറപ്പെടുന്നതിന് മുമ്പ് സാവോപോളോ വിമാനത്താവളത്തില്‍ വച്ച് ''ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രാധനപ്പെട്ട തീയതിയായിരിക്കും ഇത്'' എന്നാണ് കോച്ച് കാഡു ഗൗച്ചോ പറഞ്ഞത്. പിന്നാലെ ആരാധകരെ ഞെട്ടിച്ച വാര്‍ത്തയാണെത്തിയത്.
രണ്ടു ലക്ഷം പേര് മാത്രം അധിവസിക്കുന്ന ബ്രസീലിലെ സാന്റാ കാതറീന എന്ന നഗരത്തില്‍ നിന്ന് 1974-ല്‍ രൂപംകൊണ്ടതാണ് ചെപ്കോയിന്‍സ് എന്ന ക്ലബ്. 2014-ലാണ് അവര്‍ ബ്രസീലിയന്‍ ഒന്നാം ഡിവിഷനിലേക്ക് എത്തിയത്. തുടര്‍ന്ന് രണ്ടു സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ച അവര്‍ ഇക്കുറി പ്രമുഖ ക്ലബുകളായ സാവോപോളോ, ഫ്ളുമിനെന്‍സ്, ക്രുസെയ്റോ എന്നിവരെ പിന്തള്ളിയാണ് കോപ്പ സുഡോ അമേരിക്ക ഫൈനലിന് യോഗ്യത നേടിയത്.
ഫൈനലിന്റെ ആദ്യപാദത്തില്‍ കൊളംബിയന്‍ ക്ലബ് അത്ലറ്റിക്കോ നാഷണലിനെതിരേ നാളെയായിരുന്നു അവരുടെ മത്സരം നടക്കേണ്ടിയിരുന്നത്. അപകടത്തെ തുടര്‍ന്ന് മത്സരം ഉപേക്ഷിച്ചു. മരണമടഞ്ഞ താരങ്ങളോടുള്ള ആദരസൂചകമായി കിരീടം ചെപ്കോയിന്‍സിന് സമ്മാനിക്കണമെന്ന് അത്ലറ്റിക്കോ ക്ലബിനോടു ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനായ കോണ്മിബോള് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
ബ്രസീലില്‍ നിന്ന് ബൊളീവിയ വഴി കൊളംബിയയിലെ മെഡലിനിലേക്ക് പറന്ന വിമാനം ലാന്‍ഡിങ്ങിനിടെ തകരുകയായിരുന്നു. താരങ്ങളും ടീം ഒഫീഷ്യലുകളും വിമാനജീവനക്കാരുമടക്കം 81 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ചെപ്കോയിന്‍സ് താരങ്ങളായ അലന് റുഷല്‍, മാര്‍കോസ് ഡാനിലോ, ജാക്സണ് ഫോള്‍മാന്‍ എന്നിവരും ഡോക്ടര്‍ റാഫേല്‍ ഗൊബ്ബാറ്റോ, മാധ്യമപ്രവര്ത്തകന് റാഫേല്‍ ഹെന്‍സല്‍, ഫ്ളൈറ്റ് ക്രൂ ജിമേന സുവാരസ് എന്നിവരുമാണ് രക്ഷപ്പെട്ടത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.






