
തിരുവനന്തപുരം: തൃക്കാക്കര നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ ജനവിധി അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇക്കാര്യം പരിശോധിച്ച് തുടര്‍നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജാഗ്രതയോടെ മുന്നോട്ട് പോകണമെന്ന മുന്നറിയിപ്പ് നല്‍കുന്നതാണ് ഈ ഫലം. ബൂത്ത് തലം വരെ പരിശോധനകള്‍ നടത്തും. തിരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കൂടിയിട്ടുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വോട്ടുകളിലുണ്ടായ ഈ വര്‍ധന പ്രതീക്ഷ നല്‍കുന്നതല്ല. ഇക്കാര്യം വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്തെ അപേക്ഷിച്ച് മറ്റു ജില്ലകളില്‍ എല്‍ഡിഎഫ് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്. എന്തുകൊണ്ട് മികച്ച മുന്നേറ്റഗ ജില്ലയില്‍ കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല എന്ന കാര്യവും പരിശോധിക്കും. ബിജെപി വോട്ടുകളും ട്വന്റിട്വന്റി വോട്ടുകളും യുഡിഎഫിന് ലഭിച്ചു. തിരഞ്ഞെടുപ്പ് ഫലം കെ റെയിലിന്റെ ഹിതപരിശോധനയായി കാണേണ്ടതില്ല. ബന്ധപ്പെട്ട അനുമതികള്‍ ലഭിച്ചാല്‍ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും കോടിയേരി വ്യക്തമാക്കി.
യുഡിഎഫിന് സഹതാപ തരംഗം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായാണ് ഫലം വന്നത്. പി.സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തലനെതിരെ നടപടി സ്വീകരിച്ചത് തങ്ങളെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് കൂടുകയാണ് ചെയ്തത് പി.സി ജോര്‍ജിന്റെ പ്രസംഗം മൂലം വോട്ട് കുറഞ്ഞോ എന്ന് ബിജെപിയാണ് വിലയിരുത്തേണ്ടതെന്നും കോടിയേരി പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ തോറ്റാല്‍ എല്ലാം പോയി എന്ന് കരുതുന്നവരല്ല ഞങ്ങള്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും നഷ്ടപ്പെട്ടു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ 99 സീറ്റില്‍ വിജയിച്ചാണ് ഞങ്ങള്‍ വീണ്ടും അധികാരത്തില്‍ വന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.






