
കോട്ടയം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം മുഖപത്രമായ ദേശാഭിമാനി.
ഉന്നതമായ ഭരണഘടനാ സ്ഥാനത്ത് ഇരുന്ന് അരുതായ്മകള്‍ ആവര്‍ത്തിച്ചുചെയ്യുകയാണ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
ഗവര്‍ണറുടെ വാക്കും പ്രവൃത്തിയും അധപതനത്തിന്റെ അങ്ങേത്തലയ്ക്കല്‍ എത്തിയിരിക്കുന്നു. രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായി മാറിയെന്നും ദേശാഭിമാനി മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ചാന്‍സലര്‍ പദവിയിലിരിക്കുന്ന ഗവര്‍ണര്‍, തനിക്ക് താഴെ സര്‍വകലാശാലയുടെ ഭരണത്തലവനായി പ്രവര്‍ത്തിക്കുന്ന വൈസ് ചാന്‍സലറെയാണ് 'ക്രിമിനല്‍' എന്നു വിളിച്ചത്. 2019 ഡിസംബറില്‍ കണ്ണൂര്‍ സര്‍വകലാശാല ആതിഥ്യമരുളിയ ചരിത്രകോണ്‍ഗ്രസ് വേദിയിലുണ്ടായ പ്രതിഷേധത്തിന്റെ പേരിലാണ്
വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രനെ ഗവര്‍ണര്‍ അക്രമിയും ഗൂഢാലോചനക്കാരനുമായി ചിത്രീകരിച്ചത്. ചടങ്ങില്‍ ഉദ്ഘാടകനായ ഗവര്‍ണര്‍ പൗരത്വനിയമത്തെ ന്യായീകരിച്ചപ്പോഴുണ്ടായ സ്വാഭാവിക പ്രതിഷേധത്തെയാണ് രണ്ടുവര്‍ഷവും എട്ടുമാസവും കഴിഞ്ഞ് അക്രമമെന്ന് വിശേഷിപ്പിക്കുന്നതെന്നും ദേശാഭിമാനി പറയുന്നു.
വിദ്വേഷം വളര്‍ത്തിയും പണമിറക്കിയും ഭരണം പിടിക്കുക. അത് നടക്കാത്ത സംസ്ഥാനങ്ങളില്‍ ഫെഡറല്‍ തത്വങ്ങള്‍ ബലികഴിച്ച് ഗവര്‍ണര്‍മാര്‍ വഴി അമിതാധികാരവാഴ്ച നടപ്പാക്കുക. ഇതിന്റെ ഭാഗമാണ് കേരള ഗവര്‍ണറുടെ വഴിവിട്ട നടപടികളെന്ന് പത്രം വിമര്‍ശിക്കുന്നു.
നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന പല നടപടിയും തുടക്കംമുതല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടായി. ബില്ലുകളും ഓര്‍ഡിനന്‍സുകളും അന്യായമായി താമസിപ്പിക്കുക, നയപ്രഖ്യാപന പ്രസംഗത്തില്‍ തടസവാദങ്ങള്‍ ഉന്നയിക്കുക തുടങ്ങി അസാധാരണ നിലപാടുകള്‍ ഗവര്‍ണര്‍ സ്വീകരിച്ചു. സര്‍വകലാശാലാ നിയമനങ്ങളില്‍ അകാരണമായും നിമയവിരുദ്ധമായും ഇടപെടാന്‍ ഗവര്‍ണര്‍ മടിച്ചില്ല. ചാന്‍സലര്‍ പദവിയുടെ നിയമസാധുതയ്ക്കപ്പുറം രാഷ്ട്രീയ ചട്ടുകമായി ഗവര്‍ണര്‍ മാറിയത് ഉന്നതവിദ്യാഭ്യാസത്തിന് തീരാക്കളങ്കമായെന്നും ദേശാഭിമാനി വിമര്‍ശിക്കുന്നു.






