ന്യുഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ അഹമ്മദാബാദിലെ പാര്‍ട്ടി ഓഫീസ് ഗുജറാത്ത് പോലീസ് റെയ്ഡ് ചെയ്തുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഞായറാഴ്ചയാണ് റെയ്ഡ് നടന്നത്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഎപിക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ ജനപിന്തുണയില്‍ ബി.ജെ.പി കടുത്ത ആശങ്കയിലാണെന്നും എഎപി ഗുജറാത്ത് യൂണിറ്റ് പറയുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ഗുജറാത്തിലെത്തിയതിനു പിന്നാലെയാണ് പരിശോധന നടന്നതെന്നും പാര്‍ട്ടി വ്യക്തമാക്കി.
ഡല്‍ഹിക്ക് പിന്നാലെ ഗുജറാത്തിലും റെയ്ഡ് നടക്കുകയാണ്. ഡല്‍ഹിയിലും അവര്‍ക്ക് ഒന്നും കിട്ടിയില്ല, ഗുജറാത്തിലും കിട്ടിയില്ല. പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും തികഞ്ഞ സത്യസന്ധരാണ്. പോലീസിന്റെ പരിശോധനയില്‍ പാര്‍ട്ടി ഓഫീസില്‍ നിന്നും ഒന്നും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ദേശീയ കണ്‍വീനര്‍ കൂടിയായ കെജ്രിവാള് പറഞ്ഞു. എഎപിയുടെ പ്രസ്താവനയില്‍ ഗുജറാത്ത് പോലീസ് ഒരു പ്രതികരണവും നടത്തിയിട്ടില്ല.
ഈ വര്‍ഷം അവസാനം ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ രാഷ്ട്രീയ കക്ഷികള്‍ ശക്തമായ പ്രചാരണം ഇതിനകം തുടങ്ങിക്കഴിഞ്ഞു.






